എപ്പോഴാണ് നിങ്ങള്‍ മാറാന്‍ പോകുന്നത്? ഒരു സര്‍വൈവറുടെ വേദന നിങ്ങള്‍ക്ക് മനസ്സിലാകില്ല, കേരള പോലീസിനെ ആഞ്ഞടിച്ച് നടി രേവതി

Read Time:11 Minute, 51 Second

സൈബര്‍ ആക്രമണങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കേരള പോലീസിന്റെ കഴിവു കേടിനെ വിമര്‍ശിച്ച് നടി രേവതി സമ്പത്ത്. സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ സൈബര്‍ പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ സഹായവും കൃത്യമായ രീതിയില്‍ ലഭിക്കുന്നില്ലെന്ന് രേവതി പറയുന്നു.

എപ്പോഴാണ് നിങ്ങള്‍ മാറാന്‍ പോകുന്നതെന്ന് ചോദിച്ചാണ് രേവതിയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഇവിടെ മാറ്റം വരുമെന്ന് നിങ്ങള്‍ എന്നും പറഞ്ഞിട്ട് കാര്യമില്ല. ഒന്നിച്ച് നിന്ന് മാറ്റത്തിന് വേണ്ടി പരിശ്രമിക്കണം. ഇവിടെ സ്ത്രീകള്‍ മാത്രമാണ് ഈ മാറ്റത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നത്. നിങ്ങള്‍ ഒന്നും ചെയ്യുന്നില്ല. തെരുവിലും എഴുത്തിലൂടെയും കലയിലൂടെയുമെല്ലാം മാറ്റത്തിനായി നിരന്തരം ശബ്ദിക്കുന്നത് സ്ത്രീകളാണ്. നിങ്ങളും നമ്മളും നിയമവും എല്ലാം ഒത്തുചേരേണ്ടതുണ്ട്. നിങ്ങള്‍ അലസമാകുന്ന ഓരോ നിമിഷവും അത്ര അധികം സ്ത്രീകള്‍ ആണ് ആക്രമിക്കപ്പെടുകൊണ്ടിരിക്കുന്നത്.

കുറിപ്പ് വായിക്കാം…

സൈബര്‍ പോലീസിന്,
എപ്പോഴാണ് നിങ്ങള്‍ മാറാന്‍ പോകുന്നത്?

മാറ്റം ഇപ്പോള്‍ വരും, നാളെ വരും, മറ്റന്നാള്‍ വരും എന്നു പറയുന്നതല്ലാതെ നിങ്ങള്‍ ശരിക്കും മാറാനുള്ള എന്തെങ്കിലും തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടോ? സൈബര്‍ ഡോമുകളുടെയും ക്രൈം പോലീസ് സ്റ്റേഷനുകളുടെയും ജോലി എന്താണെന്ന് തന്നെ സംശയിച്ചു പോകുന്നു. എന്തിനു വേണ്ടിയാണ് ഇവ നിലകൊള്ളുന്നത് എന്നറിയില്ല. സൈബറിടങ്ങളിലെ അതിക്രമങ്ങള്‍ തടയാനും പരിഹാരം കണ്ടുപിടിക്കാനും അതിജീവിക്കുന്നവരോട് നല്ല രീതിയില്‍ പെരുമാറാനും ഒക്കെ പ്രാപ്തമാകേണ്ടതാണല്ലോ ഇത്തരം ഇടങ്ങള്‍.

ആ ലക്ഷത്തിലേക്ക് അല്‍പദൂരമെങ്കിലും ആത്മാര്‍ഥതയോടെ നടക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ ഒരു സ്ത്രീ എന്ന നിലയില്‍ ഇങ്ങനെയൊരു കത്ത് എനിക്ക് എഴുതേണ്ടി വരില്ലായിരുന്നു.

സൈബര്‍ ഇടങ്ങളിലെ ആക്രമണങ്ങളെ കൃത്യമായി ചെറുക്കുന്നതിന് പര്യാപ്തമായ നിയമങ്ങളില്ല എന്നത് വസ്തുതയാണ്. എന്നാല്‍ അതിലുപരി നിയമ സംരക്ഷകരായ നിങ്ങള്‍ എന്ത് രീതിയിലുള്ള ആരോഗ്യപരമായ പരിഗണനയാണ് സര്‍വൈവേഴ്‌സിന് കൊടുക്കുന്നത്.
അതിഭീകരമായി സ്ത്രീകള്‍ സൈബറിടങ്ങളില്‍ ആക്രമിക്കപ്പെടുമ്‌ബോള്‍ അവരുടെ മാസികാരോഗ്യം നഷ്ടപ്പെടുമ്‌ബോള്‍ അവരെന്ന മനുഷ്യര്‍ ഇല്ലാതാകുമ്‌ബോള്‍ എന്തുകൊണ്ടാണ് സൈബര്‍ പോലീസിന് ഈ വിഷയങ്ങള്‍ ഉള്‍ക്കൊള്ളാനാവാത്തത്. നിങ്ങളും ഒരു സ്ത്രീ സമൂഹത്തില്‍ നിന്നല്ലേ വരുന്നത് ? സൈബറിടത്തിലായാലും പുറത്തായാലും ആക്രമിക്കപ്പെടുക എന്നതിന് ഒരു അര്‍ത്ഥമേ ഉള്ളൂ.

സ്വന്തമായി ഒരു പ്രശ്‌നത്തിലും ഇടപ്പെടാന്‍ സൈബര്‍ പോലീസ് തയ്യാറാകാത്തതെന്താണ്? സാമൂഹ്യപരിസരങ്ങള്‍ കാരണം പലപ്പോഴും പല സ്ത്രീകള്‍ക്കും കംപ്ലയ്ന്റ് ഫയല്‍ ചെയ്യാന്‍ പോലും സാധിക്കാറില്ല. ഇനി കൊടുക്കാന്‍ പോയാല്‍ തന്നെ പോകുന്നവര്‍ അതിനു പിന്നാലെ ഒരിടത്തും അവസാനിക്കാത്ത രീതിയില്‍ നടക്കണം. പരാതി കൊടുക്കുന്ന ആളിന് കഷ്ടപ്പാടും ദുരിതവും മാത്രം മിച്ചമാകും. സ്വയം നിരീക്ഷണ സംവിധാനമുണ്ടാക്കാനും ഞങ്ങള്‍ എന്തെങ്കിലും അനാവശ്യം പറഞ്ഞാല്‍ പോലീസ് ഇടപെടുമെന്ന ബോധം സൈബര്‍ ബാര്‍ക്കേഴ്‌സില്‍ ഉണ്ടാക്കാനും ഇത്ര കാലമായി കഴിയാത്തതെന്താണ്.

സൈബര്‍ സ്‌പേസില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെ സൈബര്‍ അബ്യൂസുകളെ നിസാരവല്‍കരിച്ചു പെരുമാറുന്നത് സ്വന്തം തൊഴിലിനോട് കാണിക്കുന്ന അങ്ങേയറ്റം ക്രൂരതയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്‌ബേ തന്നെ ഞാന്‍ സൈബര്‍ കേസുകളുമായി ബന്ധപ്പെട്ട് ഇടപെടുന്നുണ്ട്. ഒരു മാറ്റവും ഇന്നുവരെ കാണാന്‍ സാധിച്ചിട്ടില്ല. എല്ലാവരെയും പോലെ ഒരു കേസില്‍ പോലും നീതി കിട്ടിയിട്ടില്ല എന്നതാണ് വസ്തുത. ഒരാള്‍ കേസ് കൊടുക്കുമ്‌ബോള്‍ ബ്ലോക്ക് ചെയ്യൂ, അവിടെ നിന്ന് മാറി പോകൂ എന്ന് പറയാനുള്ള ബോധമേ പല സൈബര്‍ പോലീസുകള്‍ക്കുമുള്ളൂ. നിങ്ങള്‍ നിയമ സംരക്ഷകര്‍ എന്ന നിലയില്‍ മിനിമം ചെയ്യേണ്ടത് വരുന്ന സര്‍വൈവറെ ഷെയിം ചെയ്യാതിരിക്കുക എന്നതാണ്.

മാന്യതയുടെ ഭാഗമായിട്ടെങ്കിലും അവരെ കുറ്റപ്പെടുത്താതിരിക്കാനും ബഹുമാനിക്കാനും പഠിക്കേണ്ടതുണ്ട്. നിങ്ങള്‍ അറിയാതെ നിങ്ങള്‍ തന്നെയാണ് കടന്നുവന്ന പീഢനങ്ങളെക്കാള്‍ വലിയ ഹറാസ്‌മെന്റുകള്‍ക്ക് വിധേയമാക്കുന്നത്. പ്രതീക്ഷയുടെ ചെറിയൊരു ഇടത്തില്‍ ഏല്‍ക്കുന്ന മുറിവ് അത്രത്തോളം ഭീകരമാണ്.

നിങ്ങള്‍ അതിജീവിച്ചവരുടെ മാനസികാവസ്ഥയെക്കുറിച്ചും അവരുടെ വൈകാരിക തലങ്ങളും പഠിക്കേണ്ടിയിരിക്കുന്നു. പരീക്ഷ എഴുതി പാസായി എന്നതുകൊണ്ട് മാത്രം നിങ്ങള്‍ക്ക് ഒരു സര്‍വൈവറുമായി കണക്ട് ചെയ്യാന്‍ പറ്റില്ല. ആ വ്യക്തിയെ മനസ്സിലാക്കിയാല്‍ മാത്രമേ അവര്‍ക്ക് ശക്തി പകരാന്‍ നിങ്ങള്‍ക്ക് സാധിക്കൂ. അല്ലെങ്കില്‍ നിങ്ങള്‍ വെറും യന്ത്രങ്ങള്‍ മാത്രമാണ്. അങ്ങനെ ഒരു പ്രതീക്ഷ ഉണ്ടെങ്കില്‍ മാത്രമേ സ്ത്രീകള്‍ക്ക് വീണ്ടും അവിടേക്ക് കടന്നുവരാന്‍ തോന്നൂ.

ഏറ്റവുമടുത്തുനടന്നൊരു ഉദാഹരണം പറയാം, ഒരു സൈബര്‍ ബുള്ളിയ്ക്ക് എതിരെ പരാതിയുമായി പൂന്തുറ പോലീസ് സ്റ്റേഷനില്‍ കൊടുത്തിരുന്നു. 2017ല്‍ ഇതേ സ്റ്റേഷനില്‍ കൊടുത്ത പരാതിയുടെ തുടര്‍ച്ച ആയതിനാല്‍ ആണ് അവിടെ തന്നെ കൊടുത്തത്. കൊടുത്ത സമയത്ത് ഇപ്പോള്‍ അവിടെ പ്രവര്‍ത്തിക്കുന്ന എസ്.ഐ അക്രമിയുടെ മുന്നില്‍ വച്ച് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ഇല്ലാതിരുന്നാല്‍ പോരേ അതുപോലെ അയാള്‍ അയച്ച വൃത്തികേടുകള്‍ എന്നെ കൊണ്ട് തന്നെ വായിപ്പിക്കുക തുടങ്ങിയവ ആയിരുന്നു. അതുപോലെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ നിന്ന് വീട്ടില്‍ വന്ന് ഒരു മണിക്കൂര്‍ വളഞ്ഞിരുന്ന് സംസാരിച്ചത് ബ്ലോക്ക് ചെയ്യുന്നതിനെ കുറിച്ച് ആയിരുന്നു. അങ്ങനെ ബ്ലോക്ക് ചെയ്യാന്‍ വേണ്ടി ആണെങ്കില്‍ എന്തിനാണ് ഇങ്ങനെ ഒരു സംവിധാനം ? എന്തിനാണ് ഇത്തരം സര്‍വീസുകള്‍ തുറന്ന് വച്ചിരിക്കുന്നത് ?

അവസാനം ഒരു കംപ്ലൈന്റ് ട്രാന്‍സ്ഫര്‍ ചെയ്ത് സൈബര്‍ സ്റ്റേഷനില്‍ അയച്ചു. ഇത്രയും നാളായി ഒരു കോള്‍ പോലും വന്നിട്ടില്ല. ചോദിച്ചാല്‍ ഫേസ്ബുക്കിന് റിക്വസ്റ്റ് അയച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞു നീട്ടി കൊണ്ട് പോകും. ചോദിച്ചാല്‍ പിന്നെ അടുത്ത മെയില്‍ അയക്കാന്‍ പറയും. മെയില്‍ അയച്ച് മെയില്‍ അയച്ച് ജീവിതം ഒരുനാള്‍ തീരും. അപ്പോഴും ഒരു മാറ്റവുമുണ്ടാകില്ല. ഇതിനിടയില്‍ ഉണ്ടാകാവുന്ന എല്ലാ ആക്രമണങ്ങളും അനുഭവിക്കുക എന്നതാണ് ചുരുക്കി പറഞ്ഞാല്‍ നിങ്ങള്‍ പറയുന്നത്.

ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ നിന്ന് വന്ന ഒരു ഉദ്യോഗസ്ഥന്‍ മറ്റൊരു പോലീസുകാരനോട് പറഞ്ഞത് വേഗം തീര്‍ത്തിട്ട് ഇറങ്ങ്, വേറെ പണി ഉണ്ട് എന്നായിരുന്നു. പോലീസുകാര്‍ക്ക് പോലും സ്ത്രീകള്‍ അനുഭവിക്കുന്ന ഈ പീഡനങ്ങള്‍ നിസ്സാരമാണ്.

ഇവിടെ മാറ്റം വരുമെന്ന് നിങ്ങള്‍ എന്നും പറഞ്ഞിട്ട് കാര്യമില്ല. ഒന്നിച്ച് നിന്ന് മാറ്റത്തിന് വേണ്ടി പരിശ്രമിക്കണം. ഇവിടെ സ്ത്രീകള്‍ മാത്രമാണ് ഈ മാറ്റത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നത്. നിങ്ങള്‍ ഒന്നും ചെയ്യുന്നില്ല. തെരുവിലും എഴുത്തിലൂടെയും കലയിലൂടെയുമെല്ലാം മാറ്റത്തിനായി നിരന്തരം ശബ്ദിക്കുന്നത് സ്ത്രീകളാണ്. നിങ്ങളും നമ്മളും നിയമവും എല്ലാം ഒത്തുചേരേണ്ടതുണ്ട്. നിങ്ങള്‍ അലസമാകുന്ന ഓരോ നിമിഷവും അത്ര അധികം സ്ത്രീകള്‍ ആണ് ആക്രമിക്കപ്പെടുകൊണ്ടിരിക്കുന്നത്.

ഇവിടെ ഇടയ്ക്ക് മൂന്ന് സ്ത്രീകള്‍ വിജയ് പി നായര്‍ എന്ന ആഭാസനെതിരെ പ്രതികരിച്ചപ്പോള്‍ പെട്ടെന്ന് നിയമപാലകരൊക്കെ ഉണര്‍ന്നു. അതേ സ്പീഡില്‍ പിന്നീട് ഉറങ്ങുകയും ചെയ്തിട്ടുണ്ട്. ഒരു അന്വേഷണം കൊടുത്ത കേസുകളുമായി ബന്ധപ്പെട്ട് വന്നത് ആ സമയത്താണ്. വിഷയം കെട്ടടങ്ങിയപ്പോള്‍ കേസും പോയി.

ഒരു ചെറിയ ചലനം എങ്കിലും ഇതിലൊക്കെ കൊണ്ട് വരാന്‍ സ്ത്രീകള്‍ അത്രയേറെ പൊരുതുന്നുണ്ട്. അവരുടെ വിഷയം ആണ് എന്നിട്ടും നിങ്ങള്‍ നിസാരം ആയി കാണുന്നത്.
അപ്പ ചട്ടിയില്‍ നിന്ന് അപ്പം ഇളക്കിയെടുക്കുന്ന പോലെ ഒരു കേസ് കൊടുത്ത ശേഷം അതിന് പിന്നാലെ നമ്മള്‍ പോലീസുകാരെ പുഷ് ചെയ്തുകൊണ്ട് നടക്കേണ്ടി വരുന്നത് അങ്ങേയറ്റം ചീപ് ഏര്‍പ്പാടാണ്.

കേരള പോലീസ് ആക്ട് 118 എ പോലെ ഉള്ള വീഢിത്തങ്ങള്‍ കാട്ടി കളയാന്‍ ഇനി സമയവുമില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post ഹേയ് സിനാമികയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ദുല്‍ഖര്‍
Next post റസ്റ്റോറന്റിലെ പാത്രങ്ങള്‍ എറിഞ്ഞുതകര്‍ത്ത് സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിത ഖാന്‍