ദൈവത്തിന്റെ കരസ്പർശനം, ബാബുരാജിനെ തേടിയെത്തി ജോലിയും അംഗീകാരങ്ങളും സമ്മാനങ്ങളും

Read Time:4 Minute, 54 Second

ദൈവത്തിന്റെ കരസ്പർശനം, ബാബുരാജിനെ തേടിയെത്തി ജോലിയും അംഗീകാരങ്ങളും സമ്മാനങ്ങളും

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു ദൃശ്യമുണ്ട്, രണ്ടാം നിലയിലുള്ള ബാങ്കിൽ ക്യൂ നിൽക്കവേ തലചുറ്റി താഴേക്ക് വീണ ആളെ മിന്നൽ വേഗത്തിൽ കാലിൽ പിടിച്ചു രക്ഷപ്പെടുത്തിയ ബാബുരാജിനെ തേടി സമ്മാന പെരുമഴ ആണ്. സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം ആണ് ബാബുരാജിന്റെ രക്ഷാപ്രവർത്തന വീഡിയോ വൈറൽ ആയത്. വടകരയിലെ കേരളാ ബാങ്കിൽ ആണ് സംഭവം അരങ്ങേറുന്നത്. രണ്ടാം നിലയിലുള്ള ബാങ്കിൽ ക്ഷേമ നിധി തുക അടക്കാൻ വന്ന വടകര സ്വദേശികളായ ബിനുവും ബാബുരാജും ബാങ്കിന് മുന്നിൽ ക്യൂ നിൽക്കവേ ആണ് സംഭവം നടന്നത്.

കോവിഡ് മുൻകരുതൽ പ്രകാരം കുറച്ചു പേരെ മാത്രമേ ബാങ്കിനുള്ളിൽ കയറ്റിയിരുന്നുള്ളൂ. അങ്ങനെ തങ്ങളുടെ ഊഴത്തിനായി പുറത്തു കൈവരിയിൽ ചാരി നിൽക്കുകയായിരുന്നു ബിനുവും ബാബുരാജും മറ്റു ചിലരും. എന്നാൽ പെട്ടെന്നായിരുന്നു ബാബുരാജിന്റെ മുന്നിൽ നിൽക്കുകയായിരുന്ന ബിനു തലചുറ്റി താഴേക്ക് വീഴാൻ പോകുന്നത് ബാബുരാജ് കാണുന്നത്.

ഒരു നിമിഷം പകച്ചു നിൽക്കാതെ ബാബുരാജ് ബിനുവിന്റെ കാലിൽ മുറുകെ പിടിക്കുക ആയിരുന്നു. ആദ്യം ഒരുകാലിൽ മാത്രമാണ് പിടിത്തം കിട്ടിയത്. പിന്നീട് ഇരു കൈകളും കൊണ്ട് ബിനുവിനെ പിടിച്ചു നിർത്തിയ ബാബുരാജ് മറ്റുള്ളവരുടെ സഹായത്തോടെ അദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു.

ആദ്യം ഒരു ഫേസ്ബുക്ക് പേജിൽ വന്ന ഈ വീഡിയോ, സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് ആ രക്ഷകനെ തേടി സോഷ്യൽ ലോകം അന്വേഷണം ആരംഭിക്കുന്നത്. എന്നാൽ ലക്ഷകണക്കിന് പേർ തന്നെ അന്വേഷിച്ചു നടക്കുന്നതറിയാതെ എന്നത്തേയും പോലെ ബാബു രാജ് കൂലിപ്പണിക്ക് പോവുകയായിരുന്നു. വീഡിയോ കണ്ട് ആളെ തിരിച്ചറിഞ്ഞ ഒരു നാട്ടുകാരൻ ആണ് ബാബുരാജിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. ഇതോടെ ബാബുരാജിനെ തേടി സോഷ്യൽ മീഡിയയിലും പുറത്തും അഭിനന്ദനപ്രവാഹമായി.

വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകൾ എല്ലാം തന്നെ ബാബുവിനെ ആദരിച്ചു. മലബാർ ഗോൾഡ് ബാബുവിനും കുടുമ്പത്തിനും സ്നേഹോപഹാരവും ആദരവും നൽകി. ഏറ്റവും ഒടുവിലായി ഊരാളുങ്കൽ സൊസൈറ്റി ബാബുരാജിന് ജോലി നൽകിയ വാർത്തകൾ ആണ് പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം ഊരാളുങ്കൽ സൊസൈറ്റി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ബാബുരാജിനെ ആദരിച്ചിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരൻ ആണ് ബാബുരാജ് അത്ഭുതകരമായി രക്ഷിച്ച അരൂർ സ്വദേശി നടുപ്പറമ്പിൽ ബിനു.

തങ്ങളുടെ സ്ഥാപനത്തിലെ തൊഴിലാളിയെ രക്ഷിച്ച ബാബുരാജിനെ ആദരിക്കാൻ കഴിഞ്ഞ ദിവസം സൊസൈറ്റി ആസ്ഥാനത്തു ഒരു പരിപാടി വെച്ചിരുന്നു. ബാബുരാജിനെ ആദരിച്ചു കൊണ്ട് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയാണ് ബാബുരാജിന് സൊസൈറ്റിയിൽ ജോലി വാഗ്ദാനം ചെയ്തത്. ചടങ്ങിൽ വെച്ച് ബാബുരാജിന് ചെയർമാൻ തങ്ങളുടെ സ്നേഹോപഹാരവും നൽകിയിരുന്നു.

ബാബുരാജ് രക്ഷിച്ച ബിനുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് വീട്ടിലേക്ക് വിടുകയും ചെയ്തു. ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെയും അപ്രതീക്ഷിതമായി തേടിയെത്തിയ സമ്മാനങ്ങളുടെയും സന്തോഷത്തിലാണ് ഇപ്പോൾ ബാബുരാജ്ഉം കുടുംബവും.

Leave a Reply

Your email address will not be published. Required fields are marked *

Previous post എനിക്കൊരു കാമുകൻ ഉണ്ടായിരുന്നെങ്കിൽ! വിഷമം നിറഞ്ഞ കുറിപ്പ് പങ്കുവെച്ച് ദൃശ്യത്തിലെ മോഹൻലാലിന്റെ മകൾ എസ്തർ
Next post “എന്റെ അച്ഛൻ ഈ യാത്ര ആരംഭിച്ചിട്ട് 3 വർഷം ആയി” ; വൈറലായി കല്യാണിയുടെ വാക്കുകൾ !