ബിലാലില്‍ വില്ലനായി ജോണ്‍ എബ്രഹാം എത്തുമോ?

Read Time:4 Minute, 30 Second

മമ്മൂട്ടിയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. അമല്‍ നീരദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഒന്നാം ഭാഗമായ ബിഗ് ബി യിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരാണ് രണ്ടാം ഭാഗത്തിന് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. ഒന്നാം ഭാഗം ഒരുക്കിയതും അമല്‍ നീരദ് തന്നെയാണ്. രണ്ടു വര്‍ഷത്തിനു മുന്‍പ് തന്നെ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. ബിഗ് ബി പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സോഷ്യല്‍ മീഡിയയിലും മറ്റും ഇപ്പോഴും ചര്‍ച്ചയാവാറുണ്ട് ബിലാല്‍ ജോണ്‍ കുരിശിങ്കല്‍.

ബിലാലിനെ കുറിച്ചുള്ള ചെറിയ വിശേഷങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്.
ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചക്ക് വഴിവെച്ചിരിക്കുന്നത് ബിലാല്‍ സിനിമയുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു വാര്‍ത്തയാണ്. ബിലാല്‍ ജോണ്‍ കുരിശിങ്കലിന്റെ വില്ലനായി ജോണ്‍ എബ്രഹാം എത്തുന്നു എന്നതാണിത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി എത്തിയ ഈ വിവരം ആരാധകര്‍ക്കിടയില്‍ ചൂടുപിടിച്ച ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാല്‍ അമല്‍ നീരദോ മറ്റ് അണിയറ പ്രവര്‍ത്തകരോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

മമ്മൂട്ടിയുടെ എക്കാലത്തെയും ഒരു മാസ്സ് ഹീറോ കഥാപാത്രം ആണ് ബിലാല്‍ ജോണ്‍ കുരിശിങ്കല്‍. 2000 ത്തില്‍ പുറത്തിറങ്ങിയ ബിഗ് ബി പ്രേക്ഷകര്‍ക്ക് ഒരു നവീന അനുഭവമാണ് സമ്മാനിച്ചത്. അതുവരെ കണ്ടു കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തനായാണ് മമ്മൂട്ടിയെ ചിത്രത്തില്‍ അമല്‍ നീരദ് അവതരിപ്പിച്ചത്. എന്നാല്‍ ബിലാലിന്റെ സ്ലോ മോഷനിലുള്ള നടത്തവും മാസ്സ് ഡയലോഗുകളും അംഗീകരിക്കാന്‍ പ്രേക്ഷകര്‍ക്ക് അന്ന് അല്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പിന്നീട് കാലം മാറിയപ്പോള്‍ ബിലാല്‍ പ്രേക്ഷകരുടെ ഹീറോ ആയി മാറി.

2020 മാര്‍ച്ച് 26 ന് ‘ബിലാല്‍ ‘ചിത്രീകരണം തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും ലോക്ക് ഡൌണും മറ്റു കോവിഡ് പ്രതിസന്ധികളും കാരണം നീണ്ടു പോവുകയായിരുന്നു. ഇത് ആരാധകരെ മാത്രമല്ല ബിലാലിലെ സഹതാരങ്ങളേയും നിരാശയിലാഴ്ത്തിയിരുന്നു. പല അഭിമുഖങ്ങളിലും താരങ്ങള്‍ ഇത് തുറന്നു പറയുകയും ചെയ്തിരുന്നു. ബിഗ് ബി യില്‍ ഉണ്ടായിരുന്ന മിക്ക അഭിനേതാക്കളും ബിലാലിലും ഉണ്ടാവുമെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍. മനോജ് കെ ജയന്‍, ലെന, ബാല, മമ്ത മോഹന്‍ദാസ് തുടങ്ങിയവര്‍ ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെ തന്നെയാണ് രണ്ടാം ഭാഗത്തിലും അവതരിപ്പിക്കുകയെന്നാണ് പറയുന്നത്. ബിലാലിന്റെ നാലാമത്തെ സഹോദരനായി ആരെത്തുമെന്നുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ദുല്‍ഖര്‍, ഫഹദ്, ആര്യ, കാര്‍ത്തി തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നു. അബുവായി ഒരു സ്റ്റാര്‍ തന്നെയെത്തുമെന്നാണ് മമ്ത മോഹന്‍ദാസ് മൂവി മാന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ അത് ആരായിരിക്കും എന്നത് സസ്‌പെന്‍സ് ആണെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുട്ടി നയന്‍താര തന്നെ, മകളായി അഭിനയിക്കുമ്പോള്‍ നയന്‍താര പറഞ്ഞ വാക്കുകളെക്കുറിച്ച് അനിഖ
Next post സ്ത്രീ എഴുത്തുകാരും സ്ത്രീ സംവിധായകരും ഉണ്ടാകണമെന്ന് മഹേഷ് നാരായണന്‍