ലോക്ഡൗണില്‍ സോനുവിന് നഷ്ടമായത് ജൂഹുവിലെ രണ്ട് കടകളും ആറ് ഫളാറ്റുകളും,വായ്പയെടുത്തത് 10 കോടി രൂപ

Read Time:3 Minute, 18 Second

കോവിഡിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലത്താണ് ബോളിവുഡ് നടന്‍ സോനു സൂദിന്റെ സഹായങ്ങള്‍ പുറംലോകമറഞ്ഞത്. അര്‍ഹതപ്പെട്ടവര്‍ക്ക് സഹായമെത്തിക്കുന്നതില്‍ മുമ്പന്തിയിലുള്ള നടന്‍ പിന്നീട് മാധ്യമങ്ങളില്‍ സ്ഥിരം വാര്‍ത്തയായി. ഈ സഹായങ്ങളെല്ലാം സോനു എത്തിച്ചത് സ്വന്തം വസ്തുക്കള്‍ പണയത്തിന് വച്ചാണ് എന്നാണ് റിപ്പോര്‍ട്ട്. ധനകാര്യമാധ്യമമായ മണി കണ്‍ട്രോള്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജൂഹുവിലെ രണ്ട് കടകളും ആറ് ഫളാറ്റുകളും ബാങ്കില്‍ പണയം വച്ച് 10 കോടി രൂപയാണ് സോനു വായ്പയെടുത്തത്. ലോക്ഡൗണില്‍ കുടുങ്ങിപ്പോയ ഇതരസംസ്ഥാന തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കാന്‍ സോനു സൂദ് സജീവമായി രംഗത്തിറങ്ങിയിരുന്നു. യാത്രാക്കൂലിയും ഭക്ഷണവുമടക്കം നല്‍കിയാണ് താരം ഇവരെ സഹായിച്ചത്. 10 ബസുകള്‍ കര്‍ണാടകയിലേക്കും, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കും താരം സര്‍ക്കാരുമായി സഹകരിച്ച് യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

വായ്പയ്ക്കായി സെപ്റ്റംബര്‍ 15ന് കരാര്‍ ഒപ്പുവെക്കുകയും നവംബര്‍ 24 ന് രജിസ്‌ട്രേഷന്‍ നടത്തുകയും ചെയ്തു. വായ്പ സമാഹരിക്കുന്നതിനായി 5 ലക്ഷം രൂപ ഫീസ് നല്‍കിയതായും മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വിഷയത്തില്‍ സോനു പ്രതികരിച്ചിട്ടില്ല.

തൊഴിലാളികളെ ബസിലും ട്രയിനിലും കയറ്റി വിടുന്ന സോനുവിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ രാജ്യത്തുടനീളം ഒരു സൂപ്പര്‍ ഹീറോ പരിവേഷമാണ് താരത്തിന് ലഭിച്ചത്. കോവിഡില്‍ താരത്തിന്റെ മുംബൈയിലെ ഹോട്ടല്‍ ക്വാറന്റീനിനായി വിട്ടു നല്‍കിയിരുന്നു. പഞ്ചാബിലേക്ക് 1500 പിപിഇ കിറ്റുകളും നടന്‍ സംഭാവന ചെയ്തിരുന്നു.

കിര്‍ഗിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അദ്ദേഹം മുന്‍കൈ എടുത്തു സുരക്ഷിതമായി നാട്ടിലെത്തിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ നിന്ന് 170 കുടിയേറ്റ തൊഴിലാളികളെ സോനു മുംബൈയില്‍ എത്തിക്കുകയും ചെയ്തിരുന്നു. സേവനങ്ങള്‍ക്ക് യുണൈറ്റഡ് നാഷണ്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ എസ്ഡിജി സ്‌പെഷ്യല്‍ ഹുമാനിറ്റേറിയന്‍ ആക്ഷന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post എന്തൊരു നല്ല ശരീരം. അലര്‍ജിക്കായി അര്‍ച്ചന, രസകരമായ സ്റ്റോറി പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി
Next post പ്രണയിക്കാന്‍ ഇഷ്ടപ്പെടുന്ന ആളല്ല ഞാന്‍ :രാകുല്‍ പ്രീത് സിംഗ്