“നീ സമാധാനമായിരിക്കെടാ ഊവേ… പഴയ ക്രൂരതയൊന്നും കാലനിപ്പോഴില്ല..!” ബാലേട്ടന്റെ സ്വപ്‌നത്തെ കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പ്

Read Time:5 Minute, 58 Second

“നീ സമാധാനമായിരിക്കെടാ ഊവേ… പഴയ ക്രൂരതയൊന്നും കാലനിപ്പോഴില്ല..!” ബാലേട്ടന്റെ സ്വപ്‌നത്തെ കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പ്

നഷ്ടങ്ങൾ ഏറെ സംഭവിച്ചുകൊണ്ടിരിക്കുന്ന മലയാളസിനിമക്ക് നികത്താനാവാത്ത മറ്റൊരു നഷ്ടമായി തീർന്നിരിക്കുന്ന ഒന്നാണ് തിരക്കഥാകൃത്തും അഭിനേതാവും സംവിധായകനുമായ പി ബാലചന്ദ്രന്റെ വേർപാട്. ഇന്നലെ രാവിലെയാണ് അദ്ദേഹം അന്തരിച്ചത്. ആ പ്രതിഭാധനന്റെ ഓർമ്മകളെ ചേർത്തുപിടിക്കുകയാണ് മാധ്യമപ്രവർത്തകൻ വിവേക് മുഴക്കുന്ന്. ബാലേട്ടനെന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ബാലചന്ദ്രൻ പൂർത്തിയാക്കാൻ ആഗ്രഹിച്ച പുസ്തകത്തെ കുറിച്ചാണ് വിവേക് കുറിക്കുന്നത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ബാലേട്ടന് ആ പുസ്തകം ആദരമാകണം;
പ്രസാധകരേ ഒരു നിമിഷം ….

കൊവിഡ് കാലത്ത് പൊള്ളാച്ചിയിൽ ആയിരുന്നു ബാലേട്ടൻ. ഇടയ്ക്ക് വിളിക്കും. അഭിനയത്തെക്കുറിച്ച് അതിലളിതമായ ഒരു പുസ്തകം … അതായിരുന്നു ലക്ഷ്യം. എഴുതിക്കഴിഞ്ഞപ്പോൾ വിളിച്ചു – “നീയൊരു പ്രസാധകനെ കണ്ടെത്തെടാ ഉവ്വേ…”
ശ്രീ. പ്രമോദ് രാമൻ വഴി ചില പ്രമുഖ പ്രസാധകരുമായി സംസാരിച്ചു. എല്ലാവരും റെഡിയാണ്, പക്ഷേ കോവിഡ് ! ഞാൻ കാര്യം ബാലേട്ടനെ അറിയിച്ചപ്പോൾ മറുപടി പതിവുപോലെ – മതിയെടാ. ഞാൻ ചാകത്തൊന്നുമില്ല !

ബാലേട്ടൻ മരിച്ചു … മകൻ ശ്രീകാന്തുമായി ഇടവിട്ട ദിവസങ്ങളിൽ സംസാരിച്ചിരുന്നു. ഒരു മടങ്ങിവരവിന്റെ സാധ്യത ഒരിക്കൽ പോലും ഉദിക്കാതിരുന്നിട്ടും അസ്തമയമായില്ലെന്ന് വെറുതെ ആശിച്ചു. കാറപകടത്തിൽ പരിക്കേറ്റ സമയത്ത് ബാലേട്ടൻ കാറുംപിടിച്ച് കാണാൻ വന്നിരുന്നു. – നീ സമാധാനമായിരിക്കെടാ ഊവേ …പഴയ ക്രൂരതയൊന്നും കാലനിപ്പോഴില്ല !
….. ഉണ്ട്. ബാലേട്ടാ !

‘പുനരധിവാസ’ത്തിൽ അച്ഛന്റെ വേഷം ചെയ്തത് ഒടുവിൽ ഉണ്ണികൃഷ്ണന് പകരക്കാരനായിട്ടായിരുന്നു. അതിനെകുറിച്ച് ഒരിക്കൽ ബാലേട്ടൻ പറഞ്ഞു – “കദളിപ്പഴം കിട്ടാത്തതിനാൽ പൂവൻപഴം കൊണ്ടൊരു പൂജ….!”
കദളിപ്പഴമെന്ന് തിരിച്ചറിഞ്ഞവർ കാഴ്ചയിൽ കാർക്കശ്യം തോന്നിപ്പിച്ച പി.ബാലചന്ദ്രനെ ബാലേട്ടനെന്ന് വിളിച്ചു. പോയത് ബാലേട്ടനാണ്….
പൂർത്തിയാക്കിയ എഴുത്ത് നമുക്ക് പുസ്തകമാക്കണം. പ്രസാധകർ വരിക തന്നെ ചെയ്യും. അതാവട്ടെ അദ്ദേഹത്തിനുള്ള സ്മാരകം…..
വിവേക് മുഴക്കുന്ന്

വമ്പൻ ഹിറ്റ് ചിത്രങ്ങളായ കമ്മട്ടിപ്പാടം, പവിത്രം, എടക്കാട് ബറ്റാലിയൻ, തച്ചോളി വർഗീസ് ചേകവർ, ഉള്ളടക്കം, അങ്കിൾ ബൺ, പൊലീസ്, പുനരധിവാസം, മാനസം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്.

സിനിമയുടെയും നാടകത്തിന്റെയും വഴികളിലൂടെ മാറിമാറി സഞ്ചരിച്ച ബഹുമുഖ പ്രതിഭയായിരുന്നു പി ബാലചന്ദ്രൻ. ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ തിരക്കഥകളിലൂടെ സിനിമയിൽ വേരുറപ്പിച്ച ബാലചന്ദ്രൻ തന്നെയാണ് പാവം ഉസ്മാനും മായസീതാങ്കവും പോലുള്ള നാടകങ്ങളും എഴുതിയത്. ഇടക്കാലത്ത് നടനായും മലയാള സിനിമയിൽ അദ്ദേഹം മിന്നി തിളങ്ങി.

നടനും തിരക്കഥാകൃത്തും സംവിധായകനുമായി ചലച്ചിത്രരംഗത്ത് തിളങ്ങുമ്പോഴും ഒരു നാടകജീവിതം എപ്പോഴും അദ്ദേഹം തന്റെ മനസ്സിൽ കൊണ്ട് നടന്നിരുന്നു. പി.ബാലചന്ദ്രൻ, അടിസ്ഥാനപരമായി തന്റെ പ്രതിഭ നാടകമെഴുത്തിലാണെന്ന് അദ്ദേഹം എപ്പോഴും വിശ്വസിച്ചു. എഴുപതുകളിലാണ് മലയാള നാടകവേദിയിൽ ബാലചന്ദ്രനെത്തുന്നത്. മകുടി, ചെണ്ട, കല്യാണ സൗഗന്ധികം, മാറാമറയാട്ടം, ഒരു മധ്യവേനൽ പ്രണയ രാവ്, പാവം ഉസ്മാൻ, മായാസീതാങ്കം എന്നിവയാണ് അദ്ദേഹം എഴുതിയ പ്രധാന നാടകങ്ങൾ.

1952 ഫെബ്രുവരി രണ്ടിന് കൊല്ലത്തെ ശാസ്താംകോട്ടയിലാണ് ബാലചന്ദ്രൻ ജനിച്ചത്. സ്‌കൂളിൽ പഠിക്കുമ്പോൾ നാടകങ്ങളിൽ സ്ഥിരം പെൺവേഷം കെട്ടി. പിന്നീട് ദേവസ്വം ബോർഡ് കോളേജിലെ പഠനത്തിനുശേഷം തൃശൂർ സ്‌കൂൾ ഡ്രാമയിലെത്താൻ ബാലചന്ദ്രനെ പ്രേരിപ്പിച്ചതും നാടകങ്ങളോടുള്ള ഈ അഭിനിവേശം കൊണ്ടുതന്നെയായിരിക്കണം. സ്‌കൂൾ ഓഫ് ഡ്രാമയിൽ ജി.ശങ്കരപ്പിള്ളയുടെ ശിഷ്യനാകാൻ കഴിഞ്ഞത് ബാലചന്ദ്രന്റെ ജീവിതത്തിൽ വഴിത്തിരിവായി. അവസാനം വരെയും ശങ്കരപ്പിള്ളയുടെ സ്വാധീനം ബാലചന്ദ്രനിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉത്തരയുടെ വിവാഹത്തിൽ തിളങ്ങി സംയുക്തയും കാവ്യയും
Next post സൈക്കിളിൽ വോട്ട് ചെയ്യാനെത്തി തലപതി വിജയ് , കാരണം അറിഞ്ഞപ്പോൾ കയ്യടിച്ച് സോഷ്യൽ മീഡിയയും ആരാധകരും