കലാഭവൻ മണി ചേട്ടന്റെ മരിക്കാത്ത ഓർമകൾക്ക് ഇന്നേക്ക് അഞ്ചാണ്ട്

Read Time:5 Minute, 15 Second

കലാഭവൻ മണി ചേട്ടന്റെ മരിക്കാത്ത ഓർമകൾക്ക് ഇന്നേക്ക് അഞ്ചാണ്ട്

മലയാളികളുടെ സ്വന്തം കലാഭവൻ മണി ഓർമ്മയായിട്ട് ഇന്നേക്ക് അഞ്ചു വർഷം തികഞ്ഞു. നടനായും ഗായകനായും തിളങ്ങിയ കലാഭവൻ മണിയുടെ സാന്നിദ്ധ്യം തെന്നിന്ത്യൻ സിനിമയിലേക്ക് വളർന്ന സമയത്താണ് അപ്രതീക്ഷിതമായി താരത്തിൻറെ വിയോഗമുണ്ടായത്. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, മിമിക്രിയിലൂടെ ശ്രദ്ധേ നേടിയാണ് മണി സിനിമയിലെത്തിയത്. ആദ്യ കാലത്ത് പ്രേക്ഷകരെ ചിരിപ്പിച്ച ഹാസ്യതാരമായിരുന്നെങ്കിൽ പിന്നീട് നായകനായും വില്ലനായും കലാഭവൻ മണി ബിഗ് സ്ക്രീനിൽ നിറഞ്ഞു നിന്നു

ഒരു സകലകലാ വല്ലഭനായാണ് കലാ ലോകത്ത് മണിയെ കാലം അടയാളപ്പെടുത്തിയിരുന്നത്. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകൾ വളരെ കുറവ് തന്നെയാണ്. നാടൻ പാട്ടുകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരനായി. തൊണ്ണൂറുകളിൽ സ്റ്റേജ് ഷോകളിൽ മണിയുടെ തകർപ്പൻ പ്രകടനമാണ് സദസിനെ എല്ലായ്പ്പോഴും ആസ്വദിപ്പിച്ചിരുന്നത്. പിന്നീട് സിനിമയിൽ എത്തിയപ്പോഴും അദ്ദേഹം പ്രേക്ഷകരുടെ പ്രിയതാരമായി മാറി.

1971 ജനുവരി ഒന്നിന് ചാലക്കുടി ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടിൽ പരേതരായ രാമന്റെയും അമ്മിണിയുടെയും മകനായാണ് കലാഭവൻ മണിയുടെ ജനനം. രാമൻ-അമ്മിണി ദമ്പദികളുടെ ഏഴ് മക്കളിൽ ആറാമനായിരുന്നു മണി. പരേതനായ വേലായുധൻ, രാമകൃഷ്ണൻ, ശാന്ത, തങ്കമണി, ലീല, അമ്മിണി എന്നിവരായിരുന്നു സഹോദരങ്ങൾ. കടുത്ത ദാരിദ്ര്യത്തിലാണ് മണി തന്റെ ബാല്യകാലം ചെലവഴിച്ചത്. അച്ചൻറെ തുച്ഛമായ വരുമാനം വീട്ടിലെ വിശപ്പകറ്റിയില്ല. ഇതേത്തുടർന്ന് സഹോദരൻമാരെ പോലെ മണിയും ഓരോ ജോലികൾ ചെയ്യാൻ തുടങ്ങി. ചെത്തുകാരനായും, മണൽവാരൽ തൊഴിലാളിയായും ഓട്ടോറിക്ഷാ ഡ്രൈവരായും ജീവിതത്തിൽ അദ്ദേഹം പല പല വേഷങ്ങൾ കെട്ടി.

അതിനിടെയാണ് കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെ കലാരംഗത്ത് സജീവമായത്. ജയറാം, ദിലീപ്, നാദിർഷാ, സലിം കുമാർ തുടങ്ങിയ പിൽക്കാലത്തെ പ്രശസ്തർ പലരും കലാഭവനിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഇവർ ഒരുപാട് വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

1995-ൽ സിബി മലയിൽ സംവിധാനം ചെയ്ത ‘അക്ഷരം’ എന്ന ചിത്രത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം ചെയ്തുകൊണ്ടാണ് മണി ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ സുന്ദർദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടർന്ന്, നായകനായും വില്ലനായും സഹനടനായും ഹാസ്യതാരമായുമെല്ലാം അദ്ദേഹം ചിത്രങ്ങളിൽ തിളങ്ങി.

തുടക്കത്തിൽ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് എത്തി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. 2009-ലെ നെഹ്രുട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടന്റെ അമരക്കാരനായും ഇദ്ദേഹം ശ്രദ്ധേയനായി.

മരണവും ദുരൂഹതയും

ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും സിനിമയിലും കലാരംഗത്തും സജീവമായി നിൽക്കുമ്ബോഴാണ് 2016 മാർച്ച്‌ ആറിന് തികച്ചും അപ്രതീക്ഷിതമായി കലാഭവൻ മണി മരണപ്പെടുന്നത്. മരിയ്ക്കുമ്ബോൾ 45 വയസ് മാത്രമായിരുന്നു അദ്ദേഹത്തിൻറെ പ്രായം. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കേ ആയിരുന്നു അന്ത്യം. എന്നാൽ അദ്ദേഹത്തിൻറെ ശരീരത്തിൽ മാരകമായ വിഷാംശം കണ്ടെത്തിയതോടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ടമ്പൽ ലഭിയ്ക്കാത്തതിന് മജ്‌സിയ ചെയ്തത് കണ്ടോ ? ഇത്രയും വേണ്ടിയിരുന്നില്ല എന്ന് ആരാധകർ !
Next post മണിച്ചേട്ടന്റെ കുടുംബത്തെ സഹായിക്കാൻ ഇപ്പോൾ ആരുമില്ലന്നു, സഹോദരൻ പറയുന്നു