തമിഴ് നടൻ വിവേക് അന്തരിച്ചു, കണ്ണീരോടെ ആരാധകരും താരങ്ങളും

Read Time:5 Minute, 17 Second

തമിഴ് നടൻ വിവേക് അന്തരിച്ചു, കണ്ണീരോടെ ആരാധകരും താരങ്ങളും

പ്രശസ്ത തമിഴ് സിനിമാതാരവും ഗായകനുമായ വിവേക് അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്നലെയാണ് വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

വിവേകിൻറെ ആരോഗ്യനില അതീവഗുരുതരമാണെന്ന് ഇന്നലെ വൈകീട്ട് പുറത്തിറങ്ങിയ മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കിയിരുന്നു. ഇടത് ആർട്ടെറിയിൽ രക്തം കട്ടപിടിച്ചതാണ് ഹൃദയാഘാതമുണ്ടാകാൻ കാരണമെന്നായിരുന്നു സിംസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുത്തനെ കുറയുന്ന വെൻട്രിക്കുലർ ഫിബ്രിലേഷൻ കൂടി സംഭവിച്ചതോടെ ആരോഗ്യ നില മോശമാവുകയായിരുന്നു.

ആശുപത്രിയിൽ എത്തിക്കുമ്പോൾ വിവേകിന് മിതമായ രക്തസമ്മർദ്ദം ഉണ്ടായിരുന്നു. മുൻപൊരിക്കലും ഇത്രയും തീവ്രമായ ആരോഗ്യപ്രശ്നങ്ങളുമായി വിവേക് ആശുപത്രിയിൽ വന്നിരുന്നില്ല എന്നും ഡോക്‌ടർമാർ പറഞ്ഞു. കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം വിവേകിനെ പൊതുജനാരോഗ്യ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള സംസ്ഥാന അംബാസഡറായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

59 കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. അർഹരായ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് വിവേക് പറഞ്ഞിരുന്നു. “പൊതുവിടങ്ങളിൽ നമ്മൾ സുരക്ഷിതരായിരിക്കാൻ മാസ്ക് ധരിക്കുകയും, കൈകൾ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക അത്യന്താപേക്ഷിതമാണ്. അതേസമയം ആരോഗ്യപരമായി സുരക്ഷിതരാവാൻ വേണ്ടിയാണ് വാക്സിൻ. നിങ്ങൾ സിദ്ധ, ആയുർവേദ മരുന്നുകൾ, വൈറ്റമിൻ സി, സിങ്ക് ടാബ്ലെറ്റുകളും മറ്റും കഴിക്കുന്നുണ്ടാവും. അതെല്ലാം നല്ലതു തന്നെ. എന്നാൽ നമ്മുടെയെല്ലാം ജീവൻ രക്ഷിക്കാൻ കഴിയുന്നത് വാക്സിൻ കൊണ്ട് മാത്രമാണ്. വാക്സിൻ എടുത്തവർക്കു കോവിഡ് വരില്ലേ എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, അതങ്ങനെയല്ല. കോവിഡ് വന്നാലും നിങ്ങളുടെ ജീവൻ ഹനിക്കപ്പെടില്ല,” വിവേക് പറഞ്ഞതിങ്ങനെ.

1961 നവംബർ 19ന്‌ തൂത്തുക്കുടിയിലെ കോവിൽപട്ടിയിലാണ് വിവേകാനന്ദൻ എന്ന വിവേകിൻറെ ജനനം. മധുരയിലെ അമേരിക്കൻ കോളജിൽ നിന്ന് കൊമേഴ്സിൽ ബിരുദമെടുത്ത വിവേക്, ചെന്നൈയിൽ ജോലി ചെയ്യുന്ന കാലത്ത് മദ്രാസ് ഹ്യൂമർക്ലബിൻറെ സ്ഥാപകൻ പി.ആർ. ഗോവിന്ദരാജനുമായുള്ള ബന്ധമാണ് സിനിമയിലേക്കുള്ള വഴിതുറന്നത്. പി.ആർ. ഗോവിന്ദരാജൻ പരിചയപ്പെടുത്തിയത് വഴി പ്രശസ്ത സംവിധായകൻ കെ. ബാലചന്ദറിനൊപ്പം സഹസംവിധായകനും തിരക്കഥാകൃത്തുമായാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം.

1987ൽ പുറത്തിറങ്ങിയ ബാലചന്ദർ സംവിധാനം ചെയ്ത ‘മാനതിൽ ഉരുതി വേണ്ടും’ ആണ് ആദ്യ ചിത്രം. തുടർന്ന് പുതുപുതു അർഥങ്കൾ, ഒരു വീട് ഇരു വാസൽ തുടങ്ങിയ ബാലചന്ദർ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലെത്തി. 1990കളിൽ പുറത്തിറങ്ങിയ നിരവധി ഹിറ്റ് സിനിമകളിലൂടെ വിവേക് ജനമനസ്സിൽ ഇടംപിടിച്ചു. റൺ‌, ധൂൾ, ബോയ്സ്, സാമി, ആദി, പേരഴഗൻ, എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി, അന്യൻ, വാലി, ശിവാജി, സിങ്കം, അഴഗി, വേലയില്ലാ പട്ടതാരി, എന്നൈ അറിന്താൽ, ഖുഷി, ഷാജഹാൻ തുടങ്ങി 220തോളം സിനിമകളിൽ സാന്നിധ്യമായി. ബിഗൾ, ധാരാള,പ്രഭു എന്നിവയാണ് അവസാനം അഭിനയിച്ച സിനിമകൾ.

കഴിഞ്ഞവർഷം പുറത്തിറങ്ങിയ ധരള പ്രഭു ആണ് അവസാന ചിത്രം. 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. അഞ്ച് തവണ തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പേളിയുടെയും ശ്രീനിഷിന്റെയും കുഞ്ഞിന്റെ നൂലുകെട്ട് കഴിഞ്ഞു ഒരുമതത്തിലും പെടാത്ത പേരാണ് കുട്ടിക്ക്
Next post അന്ന് പെണ്ണ് കാണാൻ ചെന്നപ്പോൾ അവൾ എങ്ങാനം തന്റെ മുഖത്ത് നോക്കിയിരുന്നേൽ വിവാഹം നടക്കില്ലായിരുന്നു: തുറന്നു പറഞ്ഞ് ഇന്ദ്രൻസ്