സ്‌കൂളുകള്‍ തുറക്കുന്നു, പരീക്ഷകള്‍ മാര്‍ച്ച് 17ന്

Read Time:2 Minute, 40 Second

കൊറോണ മൂലം അടച്ച വിദ്യാലയങ്ങള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പരീക്ഷകള്‍ നടത്തുക.

കോളജുകള്‍ ജനുവരി ഒന്നു മുതല്‍ തുറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയ ദൂരീകരണവും ജനുവരി ഒന്നു മുതല്‍ സ്‌കൂള്‍തലത്തില്‍ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും. മാതൃകാ പരീക്ഷകളും വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള കൗണ്‍സലിങ്ങും സ്‌കൂള്‍തലത്തില്‍ നടത്തും. ഇതിന് 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് രക്ഷാകര്‍ത്താക്കളുടെ സമ്മതത്തോടെ സ്‌കൂളില്‍ പോകാം. നിലവിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തി ഇക്കാര്യങ്ങള്‍ നിര്‍വഹിക്കും. പൊതു പരീക്ഷയുടെ ഭാഗമായ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈനായി നടക്കുന്ന എല്ലാ ക്ലാസുകളും അതേ രീതിയില്‍ തുടരും.

കോളേജ് തലത്തില്‍ അവസാന വര്‍ഷ ബിരുദ ക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം മുതല്‍ ആരംഭിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പകുതി വീതം വിദ്യാര്‍ഥികളെവച്ചാണ് ക്ലാസുകള്‍ നടത്തുക. ആവശ്യമെങ്കില്‍ കാലത്തും ഉച്ചയ്ക്കുശേഷവുമായി കാര്‍ഷിക സര്‍വകലാശാലയിലെയും ഫിഷറീസ് സര്‍വകലാശാലയിലെയും ക്ലാസുകളും വിദ്യാര്‍ഥികളുടെ എണ്ണം ഭാഗിച്ച് പരിമിതപ്പെടുത്തി ജനുവരി ആദ്യം ആരംഭിക്കും. മെഡിക്കല്‍ കോളജുകളില്‍ രണ്ടാം വര്‍ഷം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനും തീരുമാനിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post മഞ്ജു വാര്യരുടെ കിം കിം അങ്ങ് ആഫ്രിക്കയിലും, കെനിയന്‍ കുട്ടികളുടെ വീഡിയോ ഷെയര്‍ ചെയ്ത് താരം
Next post ചങ്ക്സ് എന്ന സിനിമയിൽ കോളേജ് അധ്യാപികയായ ജോളി മിസ് ഇനി നായിക