ആരാണ് പ്രവാസികൾ, എന്താണ് പ്രവാസ ജീവിതം തീർച്ചയായി വായിക്കണം ഇ കുറിപ്പ്

Read Time:5 Minute, 4 Second

പ്രവാസ ജീവിതത്തിൽ, നാട്ടിലേക്ക് പോകുമ്പോഴും ഇങ്ങോട്ട് വരുമ്പോഴും ഞാൻ എന്നെക്കാൾ എന്റെ കൂടെ ഉള്ളവരെയാണ് എല്ലായിപ്പോഴും ശ്രദ്ധിക്കാറുള്ളത് . അങ്ങോട്ട്‌ പോകുമ്പോൾ ഒരൊറ്റ മുഖത്തും വിഷമത്തിന്റെ ഒരു ലാഞ്ചന പോലും ഇല്ല. മനോഹരമായ വേഷവിതാനം, ക്ലീൻ ഷേവ്, പുത്തൻ മണം പരന്നൊഴുകുന്ന എയർ പോർട്ട്‌, അത്തറിന്റെയും സെന്റിന്റെയും സ്പ്രേയുടെയും മുറ്റി നിൽക്കുന്ന സുഗന്ധം.

നമ്മൾ കാണുന്ന മുഖത്ത് എല്ലാം സന്തോഷത്തിന്റെ കിരണങ്ങൾ, ആഹ്ലാദത്തിന്റെ ഓളങ്ങൾ, കളിയും ചിരിയും സുഹൃത്തുക്കളോടുള്ള കുശലം പറയലും ലഗ്ഗേജ്ന്റെ വെയ്റ്റ് , പ്രശ്നം ഒന്നും ഉണ്ടായില്ല , ബോർഡിംഗ് പാസ് കിട്ടി . ഫ്ലൈറ്റ് കാത്തിരിക്കുകയാണ്. ഒന്ന് രണ്ടു കിലോ കൂടുതൽ ഉണ്ടായിരുന്നു കൗണ്ടറിൽ ഒരുനല്ല മനുഷ്യൻ ആയതു കൊണ്ട് ഡ്യൂട്ടി കെട്ടേണ്ടി വന്നില്ല. തുടങ്ങിയ തുടരെത്തുടരെയുള്ള മൊബൈൽ വിളികൾ.

അതിനിടയിൽ നാട്ടിലേക്കുള്ള കോളുകൾ. ഏതു വണ്ടിയാണ് വരുന്നത്, ആരൊക്കെ എയർ പോർട്ടിൽ വരും തുടങ്ങിയ അന്വേഷണങ്ങൾ. നട്ടപ്പാതിര ആയിട്ടും ഒന്നോ രണ്ടോ വട്ടം റിംഗ് ചെയ്യുമ്പോഴേക്കും ഫോൺ എടുക്കുന്ന വീട്ടുകാർ. പെട്ടിയുടെ കെട്ടിന്റെ പത്രാസ് . പേരെഴുതിയതിന്റെ ഭംഗി , കൂടുതൽ പേരും കമ്പൂട്ടർ പ്രിന്റ്‌ ഔട്ട്‌ ആണ് ഒട്ടിച്ചു വെച്ചിരിക്കുന്നത്. പെട്ടി ആകമാനം പ്ലാസ്റ്റിക് കവർ കൊണ്ടുള്ള ആവരണം.

മുടിയൊക്കെ വെട്ടിച്ചു സുന്ദരക്കുട്ടപ്പൻമാർ ആയിട്ടുണ്ട്‌ മിക്കവരും. പ്രായം ആയവർ മീശയൊക്കെ കറുപ്പിച്ചു ഭംഗി കൂട്ടി ഷൂ ഒക്കെ ഇട്ട് . ഇൻസൈഡ് ചെയ്ത്. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം സംസാരവും ബഹളവും സന്തോഷം പറച്ചിലും ആഹ്ലാദ പ്രകടനവും, ചിരിയും തമാശയും.

നാട്ടിൽ എത്താനാവുന്നതോടെ മുഖത്തു കാണുന്ന പ്രകാശം . വിമാനം ലാന്റ് ചെയ്യും മുമ്പേ തിടുക്കപ്പെട്ടു ഇറങ്ങാനുള്ള ധൃതി. ലഗ്ഗേജ് കിട്ടാൻ താമസിക്കുമ്പോഴുള്ള വെപ്രാളം. എയർ പോർട്ടിനു പുറത്തെ ആൾക്കൂട്ടം. കെട്ടിപ്പിടുത്തം. ആലിംഗനം. ഉമ്മകൾ. തിരിച്ചു പോരുമ്പോഴോ കൂടുതൽ പേരൊന്നും കൂടെ വരുന്നില്ല. പോകുന്നത് കാണാൻ വയ്യ. പെട്ടിയുടെ കാര്യമാണ് മഹാ കഷ്ടം. ചില പെട്ടികൾ ആകെ ചളുങ്ങിയത് . ചിലത് കോടിയത് . ചിലത് ചപ്പിയത് . ചിലത് കെട്ടിയ പ്ലാസ്റ്റിക് കയറിന്റെ ഭാഗം നിലത്തൂടെ ഇഴയുന്നു .

കുപ്പായത്തിലും പാന്റ്സിലും ഒന്നും ഒരു ശ്രദ്ധയും ഇല്ല. ഷൂ കാണുന്നില്ല. പലരും ഷേവ് ചെയ്യാൻ പോലും മറന്നിട്ടുണ്ട്‌ . മുഖം നിറയെ നിരാശ . ഉറക്കച്ചടവ്. ഫോൺ വിളി ഇല്ല . ഇനി വിളിച്ചാൽ തന്നെ നാട്ടിൽ എടുക്കാൻ വലിയ മടി പോലെ. ചോദിക്കാൻ ഒന്നും ഇല്ല . കുട്ടി കരയുന്നുണ്ടോ , എന്നെ ചോദിക്കുന്നുണ്ടോ, എന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചോദിച്ചെങ്കിലായി . ഇനി അവിടെഎത്തിയിട്ട് വിളിക്കാം എന്ന ചടങ്ങ് പറച്ചിൽ.

എല്ലാവരും താടിക്ക് കൈ കൊടുത്തും മുഖം കനപ്പിച്ചും ദുഖിച്ചും ഉറക്കം തൂങ്ങിയും ജീവച്ഛവമായി ഇരിക്കുന്നു. കൂടെയുള്ള ആളോട് സംസാരിക്കാൻ പോലും താത്പര്യമില്ല. ആകെ വിഷാദം തളം കെട്ടിയ അന്തരീക്ഷം. കല്യാണ വീട്ടിൽ ചെന്ന പോലെയാണ് അങ്ങോട്ട്‌ പോകുമ്പോഴുള്ള ബഹളവും ആഹ്ലാദവും. മരിച്ച വീട്ടിൽ ചെന്ന പോലെയുള്ള അനുഭവമാണ് എയർ പോർട്ടിൽ തിരിച്ചു പോരുമ്പോൾ.

അങ്ങോട്ട്‌ പോക്കും ഇങ്ങോട്ട് പോരലും തമ്മിൽ എന്തെല്ലാം മാറ്റം വ്യത്യാസം..!!

കടപ്പാട്
ഉസ്മാൻഇരിങ്ങാട്ടിരി

Leave a Reply

Your email address will not be published. Required fields are marked *

Previous post ദേവാസുരം സിനിമയിലെ ശാരദയുടെ ഇപ്പോഴത്തെ ജീവിതം
Next post കാട്ടിൽ താമസവും, വെള്ളച്ചാട്ടത്തിലെ കുളിയും, എല്ലാം ആസ്വദിച്ച് മഞ്ജു സുനിച്ചേൻ, വീഡിയോ വൈറൽ