അജ്ഞാത രോഗം പടരുന്നു, 347 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, വിദഗ്ധ സംഘം ഇന്നെത്തും

Read Time:2 Minute, 58 Second

കൊറോണയ്ക്കു പിന്നാലെ രാജ്യത്തെ ഭീതിയിലാഴ്ത്തി അജ്ഞാത രോഗം പടരുന്നു. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയുടെ ആസ്ഥാനമായ എലുരുവിലാണ് അജ്ഞാത രോഗം പടരുന്നത്. രോഗം ബാധിച്ച 347 പേരെയാണ് നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗം ബാധിച്ച ഒരാള്‍ മരണപ്പെടുകയും ചെയ്തു. സ്ഥിതി ആശങ്കാജനകമായതോടെ അന്വേഷിക്കാന്‍ മൂന്നംഗ കേന്ദ്രസംഘം ഇന്ന് ആന്ധ്രയിലെത്തും.

ഓക്കാനം, അപസ്മാരം എന്നിവയുടെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 45 കാരനാണ് മരിച്ചത്. ഇരുന്നൂറോളം ആളുകളെ ചികിത്സ കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വിട്ടയച്ചിട്ടുണ്ടെന്ന് വെസ്റ്റ് ഗോദാവരി ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.

എലുരുവില്‍ കഴിഞ്ഞ ദിവസമാണ് ആളുകള്‍ക്ക് കൂട്ടത്തോടെ അസ്വസ്ഥതകള്‍ അനുഭവപ്പെടാന്‍ തുടങ്ങിയത്. അപസ്മാരവും ഓക്കാനവുമാണ് ദുരൂഹ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഫിറ്റ്സ് വന്ന് ആളുകള്‍ പെട്ടന്ന് ബോധരഹിതരായി വീഴുകയായിരുന്നു. അസുഖം വന്നവരില്‍ ഭൂരിഭാഗവും ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണ്. പന്ത്രണ്ട് വയസ്സിനു താഴെയുള്ള 45 കുട്ടികളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗബാധിതര്‍ക്ക് രക്തപരിശോധനയും സിടി സ്‌കാനും നടത്തിയെങ്കിലും അസുഖമെന്തെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അസുഖം ബാധിച്ച പലരും വേഗത്തില്‍ സുഖം പ്രാപിച്ചു. സുഖപ്പെടാതിരുന്ന ഏഴു പേരെ വിദഗ്ധ ചികിത്സയ്ക്കായി വിജയവാഡയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രോഗികളെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘം എത്തിയിട്ടുണ്ട്. എല്ലാ രോഗികളുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ്.

സറിബ്രല്‍ സ്പൈനല്‍ ഫ്ലൂയിഡ് ടെസ്റ്റുകളിലും ഒന്നും കണ്ടെത്താനായില്ല. മരിച്ചയാളുടെ പരിശോധന ഫലങ്ങള്‍ വന്നതിനുശേഷം മാത്രമേ കാരണം വ്യക്തമാകൂവെന്നും അതിനുശേഷം രോഗ വിവരം സംബന്ധിച്ച് കൂടുതല്‍ വിവരം പുറത്തുവിടുമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post ഷൂട്ടിങ്ങിന് ശേഷമുള്ള പാർട്ടിക്ക് പോകാറില്ല,സിനിമയില്‍ നിന്നു വളരെ മോശം അനുഭവം ഉണ്ടായി
Next post ‘സൗന്ദര്യം അത് കാണുന്നയാളിലാണ്” ബിക്കിനി അനുഭവം തുറന്നുപറഞ്ഞ് ദീപ്തി സതി