19 മക്കളുടെ പിതാവ് വിടപറഞ്ഞു.. 31 ചെറു മക്കൾ

Read Time:10 Minute, 3 Second

18 മക്കളുടെ പിതാവ് വിടപറഞ്ഞു… 31 ചെറു മക്കൾ

പതിനെട്ട് മക്കളുള്ള വെച്ചൂച്ചിറ പിണമറുകിൽ (നിരപ്പേൽ) എൻ. എം. എബ്രഹാം എന്ന കുട്ടിപാപ്പൻ തൊണ്ണൂറാം വയസിൽ അന്തരിച്ചു . വെച്ചൂച്ചിറയിലെ ആദ്യകാല റബർ വ്യാപാരിയും കർഷകനുമാണ് വിട പറഞ്ഞത്. കുട്ടിപാപ്പനും ഭാര്യ മേരിക്കുട്ടിക്കുമായി 18 മക്കളാണ് ഉണ്ടായിരുന്നത്. ഒൻപതു ആണും ഒൻപതു പെണ്ണും. അവരിൽ നാലുപേർ മരിച്ചുപോയി.

മക്കളിൽ ഒരാൾ കുവൈറ്റിലും മറ്റൊരാൾ അയർലണ്ടിലും രണ്ടുപേർ സൗദിയിലും രണ്ടുപേർ സിംഗപ്പൂരും ആണ്. ഒരു മകൾ ആഫ്രിക്കയിലെ ടാൻസാനിയയിൽ സിസ്റ്റർ ആയും സേവനം ചെയ്യുന്നു.ഒരു മകൻ ഡെറാഡൂണിൽ സ്കൂൾ മാനേജരായും രണ്ടുപേർ നഴ്സ് ആയി ഡൽഹിയിലും വേറൊരു മകൻ ബിസിഎ പഠിച്ച് എറണാകുളത്തും മറ്റൊരു മകൻ സെയിൽസ് മാനേജർ ആയി കോഴിക്കോടും ഉണ്ട് . മറ്റുള്ളവർ കൃഷിയും ബിസിനസുമായി കേരളത്തിനകത്തും പുറത്തുമായി കഴിയുന്നു.

കുട്ടിപ്പാപ്പന്റെ കുടുംബം ആദ്യം താമസിച്ചിരുന്നത് പാലാക്കടുത്തു ഇടമറ്റത്തയിരുന്നു . പിന്നീട് പാലായിലേക്കും തുടർന്ന് വെച്ചുച്ചിറയിലേക്കും താമസം മാറുകയായിരുന്നു.കുട്ടിപ്പാപ്പന്റെ കുടുംബത്തെ അടുത്തറിഞ്ഞ ഡോ.സുമ ജിൽസൺ ആ കുടുംബത്തെപ്പറ്റി പറയുന്നത് ഇങ്ങനെ: ചെറുപ്പകാലത്ത് വെച്ചുച്ചിറയിൽ ഒരു മലഞ്ചെരുവിൽ ആണ് ഞങ്ങൾ രണ്ടു കൂട്ടരും താമസിച്ചിരുന്നത്. ഞങ്ങളുടെ വീട്ടിൽ നിന്നും കുറെയേറെ മലകയറിയാലെ കുട്ടിപാപ്പന്റെ വീട്ടിൽ എത്തുകയുള്ളൂ.എളയമ്മയ്ക്ക് എല്ലാ വർഷവും മക്കളുണ്ടാകുന്നതിനെ ചൊല്ലി എല്ലാവരും കളിയാക്കുക പതിവായിരുന്നു.

കൂടെക്കൂടെയുള്ള പ്രസവത്തിന്റ ഫലമായി കാൽസ്യം കുറവ് കാരണം എളയമ്മയുടെ പല്ലുകൾ ചെറുപ്പത്തിലേ കൊഴിഞ്ഞു പോയിരുന്നു. അന്ന് ഇന്നത്തേതുപോലെ അംഗൻവാടികളൊ, കാൽസ്യം കൊടുക്കാൻ വേണ്ടത്ര ആരോഗ്യപ്രവർത്തകരോ ഇല്ലായിരുന്നു. ചെക്കപ്പിന് പോകാനുള്ള സൗകര്യം പോലും ഇല്ല. ഗർഭിണി ആണെന്ന് മനസ്സിലായാൽ പ്രസവത്തിനായിരിക്കും പിന്നെ ആശുപത്രിയിൽ പോകുന്നത്. ചെറുപ്പത്തിലെ തന്നെ പല്ലുകൾ നഷ്ടപ്പെട്ട് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ ഇളയമ്മ കാണിച്ചിരുന്നു.

എൻ്റെ വല്യമ്മ ശ്വാസംമുട്ടൽ കാരണം മേരി ക്യൂൻസ് മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റായി. അന്നത് ഓടുമേഞ്ഞ കെട്ടിടം ആയിരുന്നു. അമ്മ അഡ്മിറ്റ് ആയപ്പോൾ തൊട്ടടുത്ത മുറിയിൽ സുഖപ്രസവം കഴിഞ്ഞ് എളയമ്മയും ഉണ്ടായിരുന്നു.ഡോക്ടർ സന്ദർശനത്തിനിടയിൽ കുശലാന്വേഷണം നടത്തിയപ്പോൾ പറഞ്ഞു:” ചേട്ടത്തിയെ, നിങ്ങളുടെ നാട്ടുകാരി തൊട്ടപ്പുറത്ത് മുറിയിൽ ഏഴാമത്തെ പ്രസവം കഴിഞ്ഞ് കിടപ്പുണ്ടല്ലോ”എൻ്റെ വലിയമ്മച്ചി ചാടിക്കേറി പറഞ്ഞു: “ഡോക്ടറേ ഏഴാമത്തെ അല്ല. പന്ത്രണ്ടാമത്തേതാണ്” .പിന്നീട് മെഡിക്കൽ രേഖകൾ പരിശോധിച്ചപ്പോൾ ഡോക്ടർക്ക് കാര്യം മനസിലായി. തെറ്റിച്ചു പറഞ്ഞതിനെക്കുറിച്ച് ഡോക്ടർ ചോദിച്ചപ്പോൾ എളയമ്മ പറയുകയാണ് :

”പന്ത്രണ്ടാമത്തേത് എന്ന് പറഞ്ഞാൽ പ്രസവം നിർത്താതെ ഡോക്ടർമാർ ഇവിടെനിന്ന് പറഞ്ഞു വിടില്ല എന്നു എനിക്ക് അറിയാം “എല്ലാ ഡോക്ടർമാരും ഹെൽത്ത് വർക്കേഴ്സും പ്രസവം നിർത്തൽ, ‘പി പി എസ്’ എന്ന് പറഞ്ഞ് എളയമ്മയെയും, കുട്ടിപാപ്പനെയും മിക്കപ്പോഴും സമീപിക്കാറുണ്ടായിരുന്നു. അതിൽ നിന്നും രക്ഷപ്പെടാനാണ് എളയമ്മ അത് ഏഴാമത്തെ പ്രസവം എന്ന് ആക്കിയത് . കൂടുതൽ പ്രസവിച്ചാൽ ആരോഗ്യത്തിന് ഹാനികരം ആണെന്നാണ് എല്ലാ ഹെൽത്ത് വർക്കേഴ്സിന്റെയും സ്ഥിരം പല്ലവി.

കുട്ടിപാപ്പൻ ഇക്കാര്യത്തിൽ എളാമ്മക്ക് കട്ട സപ്പോർട്ട് ആയിരുന്നു കേട്ടോ.അന്ന് ആരോഗ്യത്തിന്റെ പേരിൽ പ്രസവം നിർത്താൻ നിർബന്ധിച്ച പലരും ഈ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായിട്ട് ദശകങ്ങൾ കഴിഞ്ഞു എന്നത്വേറെ കാര്യം.ഇളയമ്മ പിന്നീട് മക്കളെ പ്രസവിക്കാൻ ഒന്നിടവിട്ട കാലത്ത് റാന്നി മേനാതോട്ടം ആശുപത്രിയിലും, അല്ലാത്തപ്പോൾ കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രിയിലുമാണ് എത്തിയിരുന്നത് . വെച്ചുച്ചിറ എന്ന കുഗ്രാമത്തിൽ നിന്ന് രണ്ട് ദിശയിലേക്കും ഏകദേശം തുല്യദൂരം. രണ്ടിടത്തും ആറ് അല്ലെങ്കിൽ ഏഴാമത്തെ എന്ന് പറഞ്ഞ് പതിനഞ്ചാമത്തെയും പതിനാറാമത്തെയും കുഞ്ഞുങ്ങളെ പ്രസവിച്ച വീരമാതൃക ഇപ്പോഴത്തെ ന്യൂജനറേഷൻ അമ്മമാർക്ക് ഓർക്കാൻപോലും കഴിയില്ല.

ഗർഭപ്രശ്നങ്ങളോ പ്രസവശേഷം ബ്ലീഡിങ്, അണുബാധ തുടങ്ങിയ അസ്വസ്ഥതകളോ വന്ന് ദീർഘകാലം ആശുപത്രിയിലും മറ്റും ചെലവഴിക്കേണ്ടി വന്നതായി ഞങ്ങളാരും കേട്ടിട്ടില്ല, . ഓർമ്മയിലുമില്ല.ഒരു നേരത്തേക്ക് ആ വീട്ടിൽ ഭക്ഷണം പാകം ചെയ്യാൻ രണ്ട് അല്ലെങ്കിൽ മൂന്ന് ചക്ക വേണം. ഒരു ചാക്ക് അരി വേണം ചോറിന് . ഇങ്ങനൊക്കെ പറഞ്ഞ് പലരും കളിയാക്കിയിരുന്നത് ഞാൻ കേട്ടിട്ടുണ്ട്.അപ്പോഴൊന്നും യാതൊരു പരിഭവവo പറയാതെ ഇളയമ്മ ദൈവത്തെ ആശ്രയിച്ചു മുന്നോട്ട് പോയി.കുട്ടിപാപ്പൻ സ്വന്തമായി നടത്തുന്ന റേഷൻകട ആയിരുന്നു വരുമാന മാർഗം.

പാപ്പൻ ജോലിക്ക് പോയി കഴിയുമ്പോൾ വീട്ടിലെ ജോലിയും മക്കളുടെ ഉത്തരവാദിത്വവുമായി ഇളയമ്മ തിരക്കിലായിരിക്കും.വീട് പണിയുവാൻ കരിങ്കല്ല് പൊട്ടിച്ചപ്പോൾ അതിലുണ്ടായ ഉറവയ്ക്ക് ചുറ്റും മതിൽ കെട്ടി സംരക്ഷിച്ചു. അങ്ങനെ ആ മലമുകളിൽ ആവശ്യത്തിന് ജലസമൃദ്ധി ദൈവം അവർക്ക് കൊടുത്തു.കഠിനമായ വരൾച്ച ഉണ്ടായിരുന്ന 1983 മധ്യവേനലവധിക്ക് മാത്രമേ ഇത്രയും പേർക്ക് ആവശ്യം വേണ്ട ആ ജലസ്രോതസ്സിൽ ഒരല്പം കുറവുണ്ടായിട്ടുള്ളൂ.പതിനഞ്ചാമത്തെ ആണോ പതിനാറാമത്തെ ആണോ എന്ന് കൃത്യമായിട്ട് ഓർക്കുന്നില്ല, കുഞ്ഞ് ജനിച്ചശേഷം ഇടുക്കിയിൽ 20 ഏക്കർ ഭൂമി കൃഷിക്കായി ലഭിച്ചു. മൂത്ത ആൺമക്കൾ അവിടെ അധ്വാനിച്ച് വിളവെടുക്കുന്നതിനായി പോയി .

ആ കുഞ്ഞു ജനിച്ചതിൽ പിന്നെയാണ് സാമ്പത്തിക അഭിവൃദ്ധി കൂടുതലായി കൈവരിച്ചത് . കുട്ടിയുടെ ബർത്ത് ഡേ കേക്ക് മുറിച്ചും പുത്തൻ ഉടുപ്പുമിട്ടും ആഘോഷിച്ചത് വലിയ കൗതുകം . ആ കാലഘട്ടത്തിൽ സിനിമയിൽ മാത്രമേ ബർത്ത്ഡേ സെലിബ്രേഷനും കേക്ക് കട്ടിങ്ങും പുതിയ ഡ്രസ്സ് ധരിച്ച പാർട്ടിയുമൊക്കെ ഞങ്ങൾ കണ്ടിട്ടുള്ളൂ. ഞങ്ങൾക്കൊക്കെ പായസം ആയിരുന്നു ജന്മദിനത്തിന്റെ വിഭവം.ആ കുട്ടിയുടെ ജന്മദിനത്തിനാഘോഷ കഥകളൊക്കെ വേദപാഠ ക്ലാസ്സിൽ പോകുമ്പോൾ ഞങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്.

അതുകഴിഞ്ഞ് അവർക്ക് രണ്ടോമൂന്നോ മക്കൾ കൂടി ജനിച്ചിരുന്നു.അവധിക്കാലങ്ങളിലെ സൺഡേസ്കൂൾ ഇന്റൻസീവ് വേദപാഠ ക്ലാസുകൾ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അവിടുത്തെ നാലഞ്ചുകുട്ടികൾ എങ്കിലും ഞങ്ങളുടെ കൂടെ ഉണ്ടാവും. മൺപാതയിലൂടെ നടന്ന് വീട്ടിൽ എത്തുമ്പോഴേക്കും ഞങ്ങൾ ക്ഷീണിച്ച് അവശരായി കഴിഞ്ഞിരിക്കും. വീട്ടിൽ നിന്ന് വെള്ളം കുടിച്ചിട്ടാണ് കുട്ടിപാപ്പന്റെ മക്കളുടെ തുടർ മലകയറ്റം.കുട്ടിപ്പാപ്പന്റെയും മേരിക്കുട്ടിയുടെയും 70ആം വിവാഹ വാർഷികത്തിന് വെച്ചൂചിറയിലെ വീട്ടിൽ എത്തിയ ഫാ. ജോസഫ് പുത്തൻപുര അച്ഛന് കാണാനായത് വല്യമ്മച്ചിയും മക്കളും കൊച്ചുമക്കളും അടക്കം 98പേരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post അന്തരിച്ച പ്രിയ സംവിധായകൻ സച്ചിയെ വിവാഹ ദിനത്തിൽ ഓർത്ത് പാടി ഭാര്യ; നൊമ്പരഗാനം വൈറൽ, വീഡിയോ കാണാം
Next post ഐ എം വിജയൻ : ജീവിതം കരഞ്ഞിരിക്കാനുള്ളതല്ല കളിച്ച് നേടാനുള്ളതെന്ന് കാണിച്ചുതന്ന ജീവിതം