കേരളത്തിന്റെ സ്വന്തം വിപ്ലവ നായിക കെ ആർ ഗൗരിയമ്മ അന്തരിച്ചു; വിടവാങ്ങുന്നത് സംസ്ഥാനത്തെ ആദ്യ വനിതാമന്ത്രി

Read Time:6 Minute, 53 Second

കേരളത്തിന്റെ സ്വന്തം വിപ്ലവ നായിക കെ ആർ ഗൗരിയമ്മ അന്തരിച്ചു; വിടവാങ്ങുന്നത് സംസ്ഥാനത്തെ ആദ്യ വനിതാമന്ത്രി

കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവും ആദ്യ വനിതാ മന്ത്രിയുമായ കെ ആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കുറെ നാളായി ചികിത്സയിലായിരുന്നു. ആഴ്ചകൾക്ക് മുൻപാണ് കേരളത്തിന്റെ വിപ്ലനായിക, ആറു പതിറ്റാണ്ടോളമായി ജീവിച്ച ആലപ്പുഴ ചാത്തനാട്ട് സ്വന്തം വീട്ടിൽ നിന്ന് തലസ്ഥാനത്തെ വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്. കോവിഡ് സാഹചര്യത്തിൽ സന്ദർശകർക്ക് പോലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ചേർത്തല പട്ടണക്കാട് അന്ധകാരനഴിയിൽ കളത്തിപ്പറമ്പിൽ കെ എ രാമൻ, പാർവതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14 നു ആയിരുന്നു ബിരുദവും തുടർന്ന് എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും കരസ്ഥമാക്കി. വിദ്യാർഥി ആയിരിക്കുമ്പോൾ മുതൽ തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1953 ലും 1954 ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗണ്യമായ ഭൂരിപക്ഷത്തോടെ വിജയിച്ചു.

ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിൽ അംഗമായിരുന്ന കെ ആർ ഗൗരിയമ്മ ഭൂപരിഷ്‌കരണ നിയമമടക്കം നിയമസഭയിൽ അവതരിപ്പിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്‌ത സവിശേഷ വ്യക്തിത്വത്തിന് ഉടമയാണ്. ആരേയും കൂസാത്ത നിർഭയയായ വ്യക്തിത്വത്തിനുടമ എന്നാണ് കേരള രാഷ്ട്രീയത്തിൽ ഗൗരിയമ്മയെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

1957, 1967, 1980, 1987 കാലത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്നു. ചേർത്തലയിൽ നിന്നും അരൂരിൽ നിന്നുമാണ് ഗൗരിയമ്മ നിയമസഭയിലെത്തിയത്. 1957 ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മന്ത്രിസഭയിലെ സഹ അംഗവുമായ ടി വി തോമസിനെ വിവാഹം കഴിക്കുന്നത്. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളന്നപ്പോൾ കെ ആർ ഗൗരിയമ്മ സിപിഎമ്മിലും ടി വി തോമസ് സിപിഐയിലും ചേർന്നു. 1987ൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പാർട്ടിയിലെ വലിയൊരു വിഭാഗം ഗൗരിയമ്മയെ ഉയർത്തിക്കാട്ടിയിരുന്നു. ‘കേരളംതിങ്ങും കേരളനാട്ടിൽ കെ ആർ ഗൗരി ഭരിക്കട്ടെ’ എന്ന മുദ്രാവാക്യം പോലും മുഴങ്ങിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷം കിട്ടിയപ്പോൾ ഗൗരിയമ്മ തഴയപ്പെട്ടു. ഇ കെ നായനാർ മുഖ്യമന്ത്രിയായി.

പിന്നീട് 1994ൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന ആരോപണത്തിന്റെ പേരിൽ സിപിഎമ്മിൽ നിന്നും കെ ആർ ഗൗരിയമ്മയെ പുറത്താക്കി. ഇതേ തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) എന്ന സ്വന്തം പാർട്ടി രൂപീകരിച്ചു. പിന്നീട് ജെഎസ്എസ് യുഡിഎഫിന്റെ ഭാഗമാവുകയും 2001-06 കാലത്ത് എ കെ ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ പ്രധാന വകുപ്പുകളുടെ ചുമതല കെ ആർ ഗൗരിയമ്മ വഹിക്കുകയും ചെയ്‌തു. റവന്യൂ, വ്യവസായം, എക്സൈസ്, കൃഷി, സാമൂഹ്യക്ഷേമ വകുപ്പുകൾ പലപ്പോഴായി കൈകാര്യം ചെയ്തു. പിന്നീട് 2016ഓടെ ജെഎസ്എസ് എൽഡിഎഫുമായി സഹകരിക്കാൻ തീരുമാനിച്ചു. പിന്നീട് ഇടതുമുന്നണി നേതാക്കളുമായി നല്ല ബന്ധം പുലർത്തിയിരുന്നു ഗൗരിയമ്മ.

കേരളത്തിൽ 1960-70-കളിൽ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമത്തിന്റെ പ്രമുഖശില്പിയായാണ് ഗൗരിയമ്മയെ വിശേഷിപ്പിക്കപ്പെടുന്നത്. പതിനൊന്നാം കേരള നിയമസഭയിലെ (2001-2006) ഏറ്റവും പ്രായം കൂടിയ നേതാവ് കൂടിയായിരുന്നു ഗൗരിയമ്മ. ഏറ്റവുമധികം തവണ തെരഞ്ഞെടുക്കപ്പെട്ടയാൾ എന്ന റെക്കോർഡ് ഗൗരിയമ്മയുടെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം (85 വയസ്), ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ വേറെയും റെക്കോർഡുകൾ ഗൗരിയമ്മയുടെ പേരിലുണ്ട്. കെ ആർ ഗൗരിയമ്മയുടെ ആത്മകഥ 2010 ൽ ‘ആത്മകഥ-കെ.ആർ. ഗൗരിയമ്മ’ എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു.

അനാരോഗ്യം പോലും വകവയ്ക്കാതെ പലതവണ എകെജി സെന്റര് കയറി ഇറങ്ങിയ 2011 ലെ തെരഞ്ഞെടുപ്പ് കാലത്ത് ജെഎസ്എസിന് സീറ്റ് നിഷേധിച്ച ഇടത് മുന്നണി തീരുമാനം പക്ഷെ കെആർ ഗൗരിയമ്മയെ അടിമുടി ഉലച്ചുകളഞ്ഞിരുന്നു എന്നാണ് അടുപ്പമുള്ളവർ പറയുന്നത്. ആദ്യ ദിവസങ്ങളിൽ സന്ദർശകരെ ഗൗരിയമ്മ പൂർണ്ണമായും ഒഴിവാക്കി. ഉള്ളുലച്ചിൽ പുറത്തറിയാതിരിക്കാൻ ഫോണിൽ പോലും പ്രതികരിക്കാൻ തയ്യാറാകാതെ വീട്ടിലിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയപ്പോൾ പോലും ഇത്ര ദുഖം തോന്നിയിരുന്നില്ലെന്നായിരുന്നു ജെഎസ്എസ് സംസ്ഥാന സെക്രട്ടറിയായിരുന്ന ബി ഗോപനോട് അന്ന് ഗൗരിയമ്മ പറഞ്ഞതത്രെ.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജിനു കോട്ടയത്തിന്റെ മുഖം മൂടി അഴിഞ്ഞ് വീണു ,  ചിത്രങ്ങൾ പങ്കു വെച്ചു കൊണ്ട് ഭാര്യ രംഗത്തു
Next post മലയാളസിനിമയിൽ തുടരെ മരണങ്ങൾ ഇന്ന് വിട പറഞ്ഞത് പ്രശസ്ത താരം കണ്ണീരോടെ സിനിമാലോകം