വീല്‍ച്ചെയറിലിരുന്ന പ്രണവിനെ വിവാഹം ചെയ്ത ഷഹാന;ഇവരുടെ ഇന്നത്തെ ജീവിതം l Pranav l Shahana

Read Time:6 Minute, 32 Second

പ്രായത്തിന്റെ എടുത്തു ചാട്ടം… ഇവർ അടിച്ചു പിരിയും… ഈ ബന്ധം അധിക നാളെത്തേക്കു നീണ്ടു പോകില്ല …’

അവളുടെ കഴുത്തിൽ വീൽചെയറിലിരുന്ന് താലി ചാർത്തിയ അന്നു കേട്ടു തുടങ്ങിയതാണ് ഇത്തരത്തിലുള്ള പ്രവചനങ്ങൾ. സ്വാർത്ഥ പ്രണയം കണ്ടു ശീലിച്ച മലയാളി പിന്നെയും മുൻവിധിയെഴുതി കാണിച്ചു.

‘ഈ ബന്ധം ഉടൻ തന്നെ അവസാനിച്ചു പോകും .’

പക്ഷേ പറഞ്ഞവരുടെ നാവു കുഴഞ്ഞതല്ലാതെ വേറൊന്നും ഇവരുടെ ഇടയിൽ സംഭവിച്ചില്ല. വർഷം ഒന്നു കഴിഞ്ഞിട്ടും തളർന്നു പോയ അവന്റെ കാലുകൾക്ക് ശക്തിയായി, ഹൃദയത്തിന് താളമായി അവളുണ്ടായിരുന്നു. പ്രണവിന്റെ എല്ലാമെല്ലാമായി ഷഹാന.

ഇരിങ്ങാലക്കുട താഴേക്കാട് സ്വദേശി പ്രണവിന്റെ ജീവിതവും സാക്ഷാത്കരിക്കപ്പെട്ട ഈ പ്രണയവും ഒരു സിനിമ തിരക്കഥ പോലെ സംഭവബഹുലമാണ്. എല്ലാത്തിനുമുപരി ഒരുമിക്കാനുള്ള അവരുടെ തീരുമാനത്തിന് സോഷ്യൽ മീഡിയ നൂറിൽപരം കഥകൾ മെനഞ്ഞു എന്നതാണ് സത്യം.

ആറു കൊല്ലം മുമ്പ് ബികോം വിദ്യാർത്ഥിയായിരിക്കെ ഒരു ബൈക്ക് ആക്സിഡന്റിൽ സംഭവിച്ച പരുക്ക് ആണ് പ്രണവിന്റെ തലവര മാറ്റുന്നത്. നെഞ്ചിന് താഴെ മുഴുവൻ തളർന്ന്, കിടന്ന കിടപ്പിൽ ജീവിതം. കൈകൾ മാത്രം ചലിപ്പിക്കാം. എന്നാൽ സ്വന്തം ജീവൻ പോലെ കട്ടക്ക് ചേർന്നു നിൽക്കുന്ന ചങ്ങാതിമാർ, അവനെ പൊന്നു പോലെ തങ്ങളുടെ കൂടെ ചേർത്തു നിർത്തി. പരിമിതികളും വയ്യായ്കയും ഒരു ഘട്ടത്തിൽ പോലും അവനെ അറിയിക്കുവാൻ അവർ ശ്രമിച്ചില്ല. നാട്ടിലെ എല്ലാ ആഘോഷങ്ങൾക്കും അവനെയും കൂട്ടി ഉറ്റ ചങ്ങാതിമാർ എത്തും.

പ്രണവിന്റെ അതിജീവനവും സുഹൃത്തുക്കളുടെ ഇ കരുതലും സോഷ്യൽ മീഡിയയിൽ വൈറലാകുന്നതോടെയാണ് കഥയിൽ പുതിയ ട്വിസ്റ്റെത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് പത്തൊൻപതുകാരിയുടെ ഫ്രണ്ട് റിക്വസ്റ്റ് കിട്ടി പ്രണവിന്. പക്ഷേ, ആ റിക്വസ്റ്റ് സ്വീകരിച്ചില്ല. പിന്നെ, പ്രണവിന്റെ സുഹൃത്തുക്കളെ കണ്ടെത്തി ആ പെൺകുട്ടി ഫെയ്സ്ബുക് വഴി സംസാരിച്ചു. പ്രണവിന്റെ ജീവിത സഖിയാകാൻ താൽപര്യം പ്രകടിപ്പിച്ചു.

തിരുവനന്തപുരം സ്വദേശി മുജീബിന്റേയും സജ്നയുടേയും മകൾ ഷഹ്നയായിരുന്നു ആ പെൺകുട്ടി. പൂർണമായും കിടപ്പിലായ യുവാവിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനെ എല്ലാവരും തന്നെ അന്നേ എതിർത്തു. ജീവിതം കൈവിട്ടു കളയേണ്ടെന്ന് പലരും ഉപദേശിച്ചു. ഈ ഉപദേശങ്ങൾക്കെല്ലാം മീതെയായിരുന്നു ഷഹ്നയുടെ മനസ്. പ്രണവിന്റെ കൂടെ നിന്ന് പരിപാലിക്കാനും ഒന്നിച്ചു ജീവിക്കാനും അവൾ തീരുമാനിച്ചു. വീട്ടുകാരുടെ വിയോജിപ്പ് മറികടന്ന് ഇരിങ്ങാലക്കുടയിൽ എത്തി. കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തിൽ ഇരുവരുടേയും വിവാഹം നടന്നു. പ്രണവ് ഷഹ്നയുടെ കഴുത്തിൽ താലി ചാർത്തി.

ഒരുമിച്ച് ഇപ്പോൾ ഒരു കൊല്ലം കഴിയുമ്പോഴും ഇരുവരുടേയും സ്നേഹബന്ധത്തിന്റെ ആഴം പരിശോധിക്കാൻ വരുന്നവരോട് കറപുരളാത്ത പഴയ അതേ പ്രണയം അളന്നു തന്നെയാണ് ഇരുവരും മറുപടി പറയുന്നത്

.

പ്രണയം സത്യമാണ്, ആ സത്യമാണ് ഇന്ന് എന്റെ ചേട്ടന്റെ ഒപ്പം ജീവിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്. ഒരുപാട് പേർ എന്നെ പലവിധത്തിലും തടഞ്ഞതാണ്. ഈ വിവാഹം ശരിയാവില്ല, നിന്നെ അവൻ മതം മാറ്റും, അതിന് വേണ്ടിയാണ് ഈ വിവാഹം എന്നൊക്കെ പലതും പറഞ്ഞു. എന്നാൽ എനിക്കറിയാമായിരുന്നു, എന്റെ ചേട്ടനെ. ശരീരം മാത്രമേ തളർന്നിട്ടുള്ളൂ, മനസ്സ് തളർന്നിട്ടില്ല. അത് മനസ്സിലാക്കിയാണ് ഞാൻ സ്നേഹിച്ചതും ഒപ്പം പോന്നതും. ഞങ്ങൾക്കിടയിൽ മതമില്ല. എന്റെ വിശ്വാസം അനുസരിച്ചാണ് ഞാൻ ജീവിക്കുന്നത്. വിമർശിക്കുന്നവർ എന്തും പറയട്ടെ. എല്ലാം പോസിറ്റീവായാണ് കാണുന്നത്;- ഷഹാന പറയുന്നു.

ഒരു പാട് പ്രതിസന്ധികൾ മറികടന്നാണ് ഇത്രടം വരെയെത്തിയത്. അവളുടെ സ്നേഹത്തിന് മുന്നിൽ എന്റെ ശരീരം ജീവൻ വയ്ക്കുകയാണ്. പണ്ടൊന്നുമില്ലാത്ത ഒരു ഊർജ്ജമാണ് ശരീരത്തിന്. ലക്ഷ്യബോധമില്ലാത്ത ജീവിതത്തിൽ അവൾ കടന്നു വന്നപ്പോൾ പലതും മാറുകയായിരുന്നു. എനിക്കുറപ്പുണ്ട് എനിക്ക് എഴുന്നേൽക്കാനാവും, അവൾക്കൊപ്പം നടക്കാനാവും. അവൾ എന്നെ ചേർത്തു പിടിക്കുമ്പോൾ കാലുകൾക്ക് ബലം കൂടുന്നതായി തോന്നും. പിന്നെ എല്ലാം ദൈവത്തിന്റെ കൈകളിലാണ്. ചേർത്തു പിടിച്ചവർക്കും വിമർശിച്ചവർക്കും നന്ദി- പ്രണവിന്റെ വാക്കുകൾ.

നിറവും ചന്തവും ഗുണവുമൊക്കെ കണ്ട് പ്രണയം പങ്കുവയ്ക്കുന്നവരുടെ കാലത്ത് ഹൃദയം നൽകാനൊരു പെണ്ണു കൂടിയെത്തിയപ്പോൾ പ്രണവിന്റെ ജീവിതം വീണ്ടും സുന്ദരമായി എന്ന് ആ വാക്കുകൾ അടിവരയിടുന്നു. പരിഹാസങ്ങളേയും വിമർശനങ്ങളേയും കൂസാതെ അവന്റെ നിഴലായി അവളുടെ ജീവിതം മുന്നോട്ട്…

Leave a Reply

Your email address will not be published. Required fields are marked *

Previous post ചൊറിയുമായി ബിഗ്‌ബോസ്; 18ദിവസം റിവ്യു l Bigg Boss Malayalam
Next post സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തകളാണ് പ്രചരിക്കുന്നത്: ഹണി റോസ്