കോഴിക്കോട് ഷിഗല്ല രോഗം പടരുന്നുവോ? ഒരു മരണവും 25 സമാന ലക്ഷണങ്ങളുള്ള കേസുകളും, വിദഗ്ദ്ധ സംഘം പരിശോധന നടത്തി

Read Time:2 Minute, 23 Second

കോഴിക്കോട്: നിപ്പ, കൊറോണ വൈറസിനുപിന്നാലെ കോഴിക്കോടിനെ ഭീതിയിലാഴ്ത്തി ഷിഗല്ല രോഗം. ഷിഗല്ല രോഗം കണ്ടെത്തിയ കോര്‍പ്പറേഷന്‍ 18ാം ഡിവിഷന്‍ കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴത്ത് തിരുവനന്തപുരത്ത് നിന്നും എത്തിയ വിദഗ്ദ്ധ സംഘം പരിശോധന നടത്തി. നാല് ദിവസത്തെ പരിശോധനയ്ക്ക ശേഷമാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

പ്രദേശത്ത് ഒരു മരണവും 25 സമാന ലക്ഷണങ്ങളുള്ള കേസുകളും ഇതേവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറു കേസുകളില്‍ ഷിഗല്ല സോണി എന്ന രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചതില്‍ രോഗാണു സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതനുസരിച്ച് വെള്ളത്തില്‍ നിന്നാണ് രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.

വയറിളക്ക രോഗത്തിന് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഷിഗല്ല ബാക്ടീരിയ. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗം ഗുരുതരാവസ്ഥയിലെത്തിയാല്‍ രോഗം പിടിപെട്ട അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്. പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണത്തിന് മുമ്ബും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക, വ്യക്തിശുചിത്വം പാലിക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാര്‍ഗങ്ങള്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post താങ്ങാന്‍ ആവുന്നില്ല സങ്കടം, സുഗതകുമാരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി നവ്യാ നായര്‍
Next post അവസാനം ഒക്കത്ത് ഒരെണ്ണം ആകുമ്പോള്‍ അവന്‍ വേറെ ഒന്നിന്റെ കൂടെ പോകും, ഇവള്‍ക്ക് ഉളിപ്പില്ലാത്തതുകൊണ്ട് ഇവളും പോകും, എലീനയ്‌ക്കെതിരെ എത്തിയ വിമര്‍ശനം