വേദനയും അറപ്പുമുള്ള ശരീരവുമായി ആരോടും മിണ്ടാനാകാതെ കഴിയുന്ന എത്ര ആണ്‍മക്കള്‍ ഉണ്ടാകും, ആണ്‍മക്കളുടെ ലൈംഗികസുരക്ഷക്ക് വേണ്ടി എന്ത് മുന്‍കരുതലാണ് രക്ഷിതാക്കള്‍ എടുക്കുന്നത്?

Read Time:3 Minute, 48 Second

ആണ്‍മക്കളുടെ ലൈംഗികസുരക്ഷക്ക് വേണ്ടി എന്ത് മുന്‍കരുതലാണ് ഓരോ രക്ഷിതാക്കളും എടുക്കുന്നത്? ഡോ. ഷിംന അസീസ് ചോദിക്കുന്നു. പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച 24കാരിയുടെ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഷിംനയുടെ കുറിപ്പെത്തിയത്. പെണ്‍കുട്ടിയെ പൊതിഞ്ഞ് പിടിക്കുന്ന നമ്മള്‍ ആണിനെ എത്ര കരുതുന്നു?

പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിനാലുകാരിയായ പേയിംഗ് ഗസ്റ്റ് അറസ്റ്റില്‍ എന്ന് വാര്‍ത്ത. ആ കുഞ്ഞിന്റെ അമ്മയുടെ പരാതിപ്രകാരം പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആ വാര്‍ത്തക്ക് താഴെ മുഴുവന്‍ അതിനെ തമാശയാക്കിയുള്ള കമന്റുകളാണ് കണ്ടത്. ആണ്‍കുട്ടിക്ക് എന്തോ സന്തോഷമുള്ള കാര്യം കിട്ടിയ ഭാവമാണ് കമന്റ് മുതലാളികള്‍ക്ക്! ഈ സംഭവങ്ങളെല്ലാം ആ കുട്ടിക്ക് എത്രത്തോളം മാനസികാഘാതം നല്‍കിയിരിക്കാം എന്നാരും ഓര്‍ക്കാത്തതെന്താണ്? അവനൊരു ആണ്‍കുട്ടിയായത് കൊണ്ടോ? ആണ്‍മക്കളുടെ ലൈംഗികസുരക്ഷക്ക് വേണ്ടി എന്ത് മുന്‍കരുതലാണ് രക്ഷിതാക്കളെന്ന നിലയില്‍ നമ്മള്‍ കൈക്കൊള്ളാറുള്ളത്? പെണ്‍കുട്ടിയെ പൊതിഞ്ഞ് പിടിക്കുന്ന നമ്മള്‍ ആണിനെ എത്ര കരുതുന്നു?

വേദനയും അറപ്പുമുള്ള ശരീരവും മുറിവേറ്റ ആത്മവിശ്വാസവുമായി ആരോടും മിണ്ടാനാകാതെ ഉഴറുന്ന ആണ്‍മക്കള്‍ അത്രയൊന്നും അപൂര്‍വ്വതയല്ല. ആണിനെ പീഡിപ്പിക്കുന്ന ആണും പെണ്ണുമുണ്ട്. പീഡിപ്പിക്കപ്പെട്ടു, എന്ന് സമ്മതിക്കുന്ന ആണ്‍കുഞ്ഞിനോടും സമൂഹം ആവര്‍ത്തിച്ച് ക്രൂരത കാണിക്കുന്നുണ്ടാകാം. അപഹാസങ്ങളോ അതിക്രമങ്ങളോ അവനിലും ആവര്‍ത്തിക്കുന്നുണ്ടാകാം. ആണോ പെണ്ണോ ആവട്ടെ, സ്വകാര്യാവയവങ്ങള്‍ അന്യര്‍ കാണരുതെന്നും സ്പര്‍ശിക്കരുതെന്നും തിരിച്ചവരുടെ ഭാഗങ്ങളും സ്പര്‍ശിക്കരുതെന്നും പറഞ്ഞ് കൊടുക്കുക. ലൈംഗികദൃശ്യങ്ങള്‍ കാണിച്ച് തരുന്നത് അനുവദിക്കരുതെന്ന് പറയുക. ഇങ്ങനെയുണ്ടാകുന്ന ഏതൊരു ചലനവും രക്ഷിതാവിനെ അറിയിക്കണമെന്ന് അവര്‍ മിണ്ടിത്തുടങ്ങുന്ന കാലം തൊട്ട് അവരുടെ രീതിയില്‍ പറഞ്ഞ് കൊടുക്കുക. മക്കള്‍ ഇത്തരം കാര്യങ്ങള്‍ വന്ന് പറയുമ്പോള്‍ ലൈംഗികാരോപണം നടത്താന്‍ അവരായിട്ടില്ലെന്ന് മനസ്സിലാക്കുക. അവരെ വിശ്വസിക്കുക.

പിന്നെ, പെണ്ണിനും ആണിനും ട്രാന്‍സിനും ലൈംഗികാതിക്രമം ആസ്വദിക്കാന്‍ ആവില്ലെന്നറിയുക. ബാലപീഡനം, ബലാത്സംഗം തുടങ്ങി ഏതായാലും അതിക്രമം മാത്രമാണ്. ക്രിമിനല്‍ കുറ്റമാണ്. അവനവന് വരും വരെ മാത്രം വെറും വാര്‍ത്തയും വന്ന് പെട്ടാല്‍ ആയുസ്സ് മൊത്തം അനുഭവിക്കേണ്ട നീറ്റലുമാണ്.ആണായാലുമവന്‍ കുഞ്ഞാണ്. നമ്മളെന്താണിങ്ങനെ..

 

Leave a Reply

Your email address will not be published. Required fields are marked *

Previous post അര്‍ച്ചന കവി വിവാഹമോചനം തേടി, ഇരുവരും പിരിഞ്ഞു താമസിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെയായി
Next post തണുപ്പിനെ മാത്രമല്ല ചൂടിനെയും ഭയക്കണം, ചൂട് കാലത്ത് കൊറോണ വ്യാപനം വര്‍ദ്ധിക്കുമെന്ന് മലയാളി ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ കണ്ടെത്തല്‍